
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും പുറത്തുപോയ പ്രവാസികളുടെ ഇഖാമ റദ്ദാക്കിയതായി താമസകാര്യ വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഹമദ് അൽ തവാല പറഞ്ഞു. 2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ളകാലയളവിൽ രാജ്യത്തിന് പുറത്തുപോയ 1,82,393 പ്രാവസികളുടെ ഇഖാമയാണ് റദ്ദാക്കിയത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല.
കൊവിഡുമായി ബന്ധപ്പെട്ട് അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്താൻ കഴിയാതെ സ്വന്തം രാജ്യത്ത് കുടുങ്ങിപ്പോയ പ്രവാസികളാണ് ഈ തീരുമാനത്തിൽ ബുദ്ധിമുിട്ടുന്നത്. നിലവിൽ തൊഴിലാളി നാട്ടിലാണെങ്കിലും സ്പോൺസർക്ക് ഓൺലൈനായി ഇഖാമ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്താത്തവർക്കാണ് ഇഖാമയില്ലാതായത്. അശ്രദ്ധയോ അലംഭാവമോ കാരണം ചെയ്യാതിരുന്നവരും സ്പോൺസർ ഇഖാമ പുതുക്കി നൽകാൻ തയാറാകാതിരുന്നവരും പ്രതിസന്ധിയിലായി. കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയിൽ എൻട്രി വിസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ.