
പിവി അൻവർ എംഎൽഎയെ കാണാനില്ലെന്ന് നൽകിയതിന് പിന്നാലെഅദ്ദേഹത്തെ 'വിട്ടുതരണമെന്ന് ആവശ്യപ്പെട്ട്' ഘാന പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിൽ ട്രോൾ കമന്റുകളുമായി എത്തിയ യൂത്ത് കോൺഗ്രസ്/കോൺഗ്രസ് പ്രവർത്തകരെ തിരിച്ച് ട്രോളി എംഎൽഎ. താൻ ഘാനയിലല്ലെന്നും സിയറ ലിയോണിലാണ് ഉള്ളതെന്നും ജീവിതമാർഗ പ്രശ്നവുമായി ബന്ധപ്പെട്ടാണ് താൻ ആഫ്രിക്കയിലേക് വന്നതെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അൻവർ പറയുന്നു.
ഇക്കാര്യം മുഖ്യമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും താൻ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നുണ്ട്. തന്നെ സംബന്ധിച്ച് രാഷ്ട്രീയം കച്ചവടമല്ലെന്നും അത് സാമൂഹിക പ്രവർത്തനമായി മാറുമോൾ വളരെയേറെ ചിലവ് വരുമെന്നും എംഎൽഎ ഈ വീഡിയോയിലൂടെ പറയുന്നു. തന്റെ ബിസിനസിന്റെ ഭാഗമായ ഒരു ഖനന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് താൻ ആഫ്രിക്കയിലേക്ക് വന്നതെന്നും അത് ഇഞ്ചി കൃഷി നടത്താനോ മോഷണം നടത്താനോ വേണ്ടിയല്ലെന്നും പിവി അൻവർ എംഎൽഎ പറയുന്നു.
കച്ചവടത്തിലൂടെ ബാദ്ധ്യതകളും മറ്റും തീർത്തുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്നും എംഎൽഎ തന്റെ വീഡിയോയിലൂടെ പറയുന്നു. വിഡിയോയ്‌ക്കൊപ്പം യൂത്ത് കോൺഗ്രസിനെ പരിഹസിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അൻവർ നൽകിയിട്ടുണ്ട്. മോഹൻലാൽ ചിത്രം 'ലൂസിഫറി'ലെ ഒരു രംഗം അടിസ്ഥാനമാക്കിയ ഒരു ട്രോളുകൾ അദ്ദേഹം പോസ്റ്റിന്റെ കമന്റ് ബോക്സിൽ ചേർത്തിട്ടുണ്ട്.

കുറിപ്പും വീഡിയോയും ചുവടെ:
'എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന
പ്രിയപ്പെട്ട ഊത്ത് കോൺഗ്രസുകാരേ..
മൂത്ത കോൺഗ്രസുകാരേ..
നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാൻ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..
ആദ്യമേ പറയാമല്ലോ..
ഞാൻ കാനയിലും കനാലിലുമൊന്നുമല്ല..
ഇപ്പോളുള്ളത് ആഫ്രിക്കൻ രാജ്യമായ സിയെറ ലിയോണിലാണ്.
ഇനി കാര്യത്തിലേക്ക് വരാം..
രാഷ്ട്രീയം എന്റെ ഉപജീവന മാർഗ്ഗമല്ല..
അതിന്റെ പേരിൽ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാർഗ്ഗം ഏന്ന നിലയിൽ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്. പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകൾക്ക് വിധേയമായി സർക്കാർ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികൾ ഒപ്പമുണ്ട്.
കൂടുതൽ വിശദമായി കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്..
(വീഡിയോ ആദ്യാവസാനം നിങ്ങൾ കാണണം.എങ്കിലേ പുതിയ തിരക്കഥകൾക്കുള്ള ത്രെഡ് കിട്ടൂ.)
പൗഡർ കുട്ടപ്പന്മാർക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാദ്ധ്യമങ്ങൾക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..
എല്ലാവരും അവിടൊക്കെ തന്നെ
കാണണം.
എന്നാൽ ശരി..
വർമ്മസാറിനോട് പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ...'