
തിരുവനന്തപുരം: കർഷക സമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ പ്രതിഷേധിച്ച് സച്ചിൻ ടെൻഡുൽക്കറുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച യൂത്ത് കോൺഗ്രസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ട്വീറ്റിലൂടെയായിരുന്നു ശ്രീശാന്തിന്റെ വിമർശനം. കോൺഗ്രസ് 'തെമ്മാടി'കളുടേത് അപമാനകരമായ നടപടിയാണെന്ന് ട്വീറ്റിൽ അദ്ദേഹം ആരോപിച്ചു. 'ഭാരത രത്ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായ സച്ചിന്റെ മേൽ മഷി ഒഴിച്ചതിലൂടെ 130 കോടി ജനങ്ങളുടെ വികാരം കോൺഗ്രസ് വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത് ആരോപിച്ചു. ഈ പ്രവൃത്തിയെ അപലപിക്കുന്നതിലൂടെ താൻ കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. അവരുടെ നിന്ദ്യമായ പ്രവൃത്തി രാഷ്ട്രത്തെ അപമാനിക്കലാണെന്നും ശ്രീശാന്ത് കുറിച്ചു.
Appalled by the disgraceful act by @INCKerala hoodlums.
— Sreesanth (@sreesanth36) February 6, 2021
By pouring ink on the god of Cricket, legend & Bharat Ratna, @sachin_rt, they have hurt the feelings of 130 Crore
I stand with the people of Kerala in condemning this act.#KeralaWithSachin #NationWithSachin.
നേരത്തെ മറ്റൊരു ട്വീറ്റിൽ ശ്രീശാന്ത് സച്ചിന് പിന്തുണയറിയിച്ചിരുന്നു, സച്ചിൻ പാജി ഒരു വികാരമാണ്, എന്നെപ്പോലുള്ള നിരവധി പേർ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചതിന്റെ കാരണം സച്ചിനാണ്, ഒരു വാക്കിനും എന്റെ സ്‌നേഹം പ്രകടിപ്പിക്കാൻ കഴിയില്ല, ഇന്ത്യയിൽ ജനിച്ചതിന് നന്ദി, അദ്ദേഹം എല്ലായ്‌പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും എന്നായിരുന്നു ശ്രീശാന്തിന്റെ വാക്കുകൾ. #IstandwithSachin, #NationWithSachin എന്ന ഹാഷ്ടാഗ് പങ്ക് വച്ചായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്.
Sachin Paaji is an emotion. He’s the reason many boys like me aspired to play for our country. No words can express my love nd gratitude for @sachin_rt paaji. Thank u for being born in India. U have and u will always be the pride of India. #IStandWithSachin #NationWithSachin
രാജ്യത്തിന് പുറത്തുള്ളവർ കർഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതിൽ എതിർപ്പറിയിച്ചുകൊണ്ടായിരുന്നു സച്ചിന്റെ ട്വീറ്റ്. 'ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാമെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സച്ചിന്റെ കട്ടൗട്ടിൽ കരി ഓയിൽ ഒഴിച്ചത്.