gretta

വാഷിംഗ്ടൺ: ജനാധിപത്യവും ശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്ന് ഗ്രേറ്റ തുർബർഗ്. രണ്ടും നിർമ്മിച്ചിരിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിലും വസ്തുതകളിലും സുതാര്യതയിലും സ്വാതന്ത്ര്യത്തിലുമാണന്ന് ഗ്രേറ്റ ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യത്തെ ബഹുമാനിക്കുന്നില്ലെങ്കിൽ നിങ്ങൾ ശാസ്ത്രത്തെ ബഹുമാനിക്കുന്നില്ലെന്നും ഗ്രെറ്റയുടെ ട്വീറ്ററിൽ പറയുന്നു. അതേസമയം ഗ്രെറ്റ തുന്‍ബര്‍ഗിന്‍റെ ട്വീറ്റിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദില്ലി പൊലീസ് ഗൂഗിളിനെ സമീപിച്ചു. പ്രതിഷേധ പരിപാടികള്‍ തയാറാക്കിയ അക്കൗണ്ടിന്‍റെ വിശദാംശങ്ങളാണ് പൊലീസ് തേടിയത്. പ്രതിഷേധ പരിപാടികളില്‍ രണ്ട് ഇമെയില്‍ ഐഡി, ഒരു ലിങ്ക്, ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവ പ്രതിപാദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചും പൊലീസ് അതാത് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിവരങ്ങള്‍ തേടി. സംഭവവുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ട്വിറ്റര്‍ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്ത ആഴ്ച ആഹ്വാനംചെയ്ത ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നിലെ സമരവും പൊലീസ് നിരീക്ഷിക്കും. ഗ്രെറ്റ തുന്‍ബെര്‍ഗിനെതിരെയല്ല, അവര്‍ ട്വീറ്റില്‍ പങ്കുവെച്ച ടൂള്‍കിറ്റ് സംബന്ധിച്ചാണ് അന്വേഷണം നടത്തുകയെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരത്തെ അനുകൂലിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റമാരോപിച്ചാണ് ദില്ലി പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍, കേസെടുത്ത ശേഷവും ഗ്രെറ്റ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു..