
ഗുവഹാത്തി: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ ആദ്യ ദിനം കേരളത്തിന് ഒരു സ്വർണവും രണ്ട് വെള്ളിയും. കേരളത്തിനായി ആൻസി സോജനാണ് സ്വർണം നേടിയത്. അണ്ടർ -20 പെൺകുട്ടികളുടെ വിഭാഗത്തിൽ ലോംഗ് ജമ്പിലാണ് ആൻസി സ്വർണത്തിലേക്ക് ചാടിയെത്തിയത്. 6.20 മീറ്റർ ചാടിയാണ് ആൻസിയുടെ സുവർണ നേട്ടം.
അണ്ടർ-16 പെൺകുട്ടികളുടെ ലോംഗ് ജമ്പിൽ ഇ.എസ് ശിവപ്രിയയും (5.45മീറ്റർ), അണ്ടർ14 ആൺകുട്ടികളുടെ ബാൾ ത്രോയിൽ കെ.പി വിഷ്ണുവും (67.71മീറ്റർ) വെള്ളി നേടി.
അണ്ടർ-20 പെൺകുട്ടികളുടെ 5000 മീറ്ററിൽ ഉത്തരാഖണ്ഡിന്റെ അങ്കിത ധയാനി (16:21.19), അണ്ടർ-16 ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ യു.പിയുടെ അനുരാഗ് സിംഗ് കലേർ (20.16), പെൺകുട്ടികളുടെ ഹൈജമ്പിൽ കർണാടകയുടെ പവന നാഗരാജ് (1.73) എന്നിവർ പുതിയ ദേശീയ റെക്കാഡും മീറ്റ് റെക്കാഡും കുറിച്ചു. 1637 അത്ലറ്റുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്.