
തനിക്കുണ്ടായ മോശം അനുഭവങ്ങളും തനിക്ക് നേരെ വന്ന ഭീഷണികളെ കുറിച്ചും വാചാലയായി പ്ലസ് സൈസ് മോഡലായ ഹസീ ഖാസി. കൗമുദി ടിവിയിലെ 'റീൽ ടു റിയൽ' എന്ന അഭിമുഖ പരിപാടിയിലൂടെയാണ് അവർ താൻ മോഡലായി മാറാൻ ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് മറകളേതുമില്ലാതെ സംസാരിക്കുന്നത്.
ഒപ്പം ഫോട്ടോഷൂട്ട് എന്ന വ്യാജേന തന്നെ ലൈംഗികമായി മുതലെടുക്കാൻ ശ്രമിച്ചവരെ കുറിച്ചും ഹസീ തുറന്നുപറയുന്നുണ്ട്. സന്യാസിനിയുടെ വേഷത്തിൽ താൻ ഒരു ഫോട്ടോഷൂട്ട് നടത്തിയപ്പോൾ സംഘ്പരിവാർ സംഘടനകളിൽ നിന്നും വലതുപക്ഷ/തീവ്ര വലതുപക്ഷക്കാരിൽ ഭീഷണികൾ വന്നതായും തനിക്കെതിരെ വ്യാപകമായി പരാതികൾ നൽകുമെന്ന് അവർ പറഞ്ഞതായും ഹസീ പറയുന്നു.
സൈസ് പ്ലസ് മോഡലുകൾ അധികം ഇല്ലാത്തതുകൊണ്ടുതന്നെ, തന്റെ മേഖലയിൽ മത്സരം കുറവാണെന്നും ഹസീ പറയുന്നുണ്ട്. അതേസമയം, രാഷ്ട്രീയ ശരികൾ കണക്കിലെടുത്തുകൊണ്ട് ഇന്ന് ഒരുപാട് പേർ പ്ലസ് സൈസ് മോഡലുകളെ തേടുന്നുണ്ടെന്നും അതിനാൽ തന്നെ ഇത് ഏറെ ശോഭിക്കാൻ കഴിയുന്ന ഒരു ഫീൽഡാണെന്നും ഹസീ ഖാസി ചൂണ്ടിക്കാട്ടുന്നുണ്ട്.
തനിക്ക് സിനിമയിലും അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് സമ്മതിക്കുന്ന മോഡലിന് ഏറ്റവും ഇഷ്ടമുള്ള നടൻ മമ്മൂട്ടിയാണ്. ബിക്കിനി ഷൂട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് ഇതുവരെഅങ്ങനെ ചെയ്യണം എന്ന് തനിക്ക് തോന്നിയിട്ടില്ല എന്നാണ് ഹസീ ഉത്തരം നൽകുന്നത്. എന്നാൽ ഭാവിയിൽ അങ്ങനെ തോന്നിയാൽ ചിലപ്പോൾ ചെയുമായിരിക്കും എന്നും ഒരു അമ്മ കൂടിയായ ഹസീ പറയുന്നുണ്ട്.