
വിജയ്-വിജയ് സേതുപതി ചിത്രം 'മാസ്റ്ററി'ലെ ഡിലീറ്റഡ് സീൻ യൂട്യൂബിലൂടെ പുറത്തിറക്കി 'ആമസോൺ പ്രൈം വീഡിയോ ഇന്ത്യ'. ചിത്രത്തിൽ ഗൗരി കിഷൻ അവതരിപ്പിച്ച സവിത എന്ന കഥാപാത്രം ലൈംഗിക ചൂഷണം നേരിടുകയും അതിനെതിരെ വിജയ്‍യുടെ 'ജെഡി' പ്രതികരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിൽ ഉൾപ്പെടാതെ പോയ ഈ രംഗത്തിൽ കാണുന്നത്.
ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് ലൈംഗിക ചൂഷണം നേരിടുന്ന സ്ത്രീകളുടെ വസ്ത്രത്തെയും അവരുടെ സ്വഭാവത്തെയും മറ്റും കുറ്റപ്പെടുത്തുന്ന പ്രവണതയ്‌ക്കെതിരെ ജെഡി വിമർശിക്കുന്നതും ഈ രംഗത്തിൽ കാണാം.
ഈ രംഗം എന്തിനാണ് നീക്കം ചെയ്തതെന്നും സിനിമയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിൽ ഇത് സമൂഹത്തിനു ഒരു നല്ല സന്ദേശമായി ഇത് മാറിയിരുന്നേനെ എന്നുമാണ് സിനിമയുടെ ആരാധകർ വീഡിയോയുടെ കമന്റ് സെക്ഷനിൽ പ്രതികരിക്കുന്നത്. എന്നാൽ ഈ രംഗത്തിൽ ചിലയിടത്ത് ഗൗരി കിഷൻ ചിരിക്കുന്നത് കാണാമെന്നും അതിനാലാണ് ഈ രംഗം ഡിലീറ്റ് ചെയ്തതെന്നും മറ്റൊരാളും തമാശരൂപത്തിൽ പറയുന്നുണ്ട്.