
ശരീരകോശങ്ങളുടെ പ്രവർത്തനത്തിന് വളരെ അത്യാവശ്യമാണ് സോഡിയം. ശരീരത്തിലെ തൈറോയിഡ് ഹോർമോണിന്റെ പ്രവർത്തനം, വൃക്കകൾ, ഹൈപ്പോത്തലാമസ് എന്നിവയാണ് പ്രധാനമായും സോഡിയം നിലയെ നിയന്ത്രിച്ചു നിറുത്തുന്നത്. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിച്ചു നിറുത്തുന്നതിനും ഇത് സഹായിക്കുന്നു.
പ്ലാസ്മയിൽ കാണപ്പെടുന്ന പ്രധാന ഘടകമായ സോഡിയം കുറയുമ്പോളുള്ള അവസ്ഥയാണ് ഹൈപ്പോനാട്രീമിയ. ശരീരത്തിലെ ജലാംശവും സോഡിയത്തിന്റെ അളവും സന്തുലിതമാകാതിരിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ വലിയ പ്രശ്നം സൃഷ്ടിക്കില്ല.
എന്നാൽ വളരെ കുറഞ്ഞു പോയാൽ ഛർദ്ദി, ക്ഷീണം, തലവേദന, ബലക്കുറവ് എന്നിവ അനുഭവപ്പെടുന്നു. അതിനാൽ ഇത്തരം ലക്ഷണങ്ങളെ നിസാരമായി കാണാതെ ഡോക്ടറെക്കണ്ട് ചികിത്സ തേടുക. ഇല്ലെങ്കിൽ വൃക്ക, ഹൃദയം , തലച്ചോർ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെപ്പോലും ബാധിച്ചേക്കാം. പ്രായമേറിയവരിലാണ് പ്രധാനമായും സോഡിയത്തിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.