
ഗുരുവായൂർ ക്ഷേത്രഭരണം ആദ്യമായി ഒരു വനിത അഡ്മിനിസ്ട്രേറ്ററുടെ മേൽനോട്ടത്തിലായതോടെ മറ്റൊരു ചരിത്രം കൂടി എഴുതപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് ഡെപ്യൂട്ടി കളക്ടർ കൂടിയായ ബ്രീജാകുമാരി എത്തുന്നത്. കൊവിഡ് അതിരൂക്ഷമായി നിലനിൽക്കുന്ന സമയമായിരുന്നുവെന്നത് പുതിയ അഡ്മിനിസ്ട്രേറ്ററെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ബ്രീജ കുമാരി സംസാരിക്കുന്നു.
''ഗുരുവായൂരപ്പന്റെ വലിയൊരു ഭക്തയാണ് ഞാൻ. അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് അപേക്ഷ കൊടുക്കുമ്പോൾ ആദ്യം ആശങ്കയുണ്ടായിരുന്നു. സത്രീകൾ ആരും തന്നെ ഇവിടെ അഡ്മിനിസ്ട്രേറ്റർ ആയി ഇരുന്നിട്ടില്ല. ആദ്യ മൂന്ന് മാസത്തേക്ക് അഡീഷണൽ ചാർജ് ആയിരുന്നു നൽകിയത്. ഇപ്പോഴത് മുഴുവൻ സമയത്തേക്ക് മാറ്റിയിട്ടുണ്ട്. ഞാൻ ഇതുവരെയും പരിചയിച്ച സ്ഥാപനങ്ങളുടെ പ്രവർത്തനരീതിയായിരുന്നില്ല ഗുരുവായൂരിലേത്. അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ നിരവധി ഉത്തരവാദിത്വങ്ങളുണ്ട്. അമ്പലത്തിന്റെ ദൈനംദിനകാര്യങ്ങൾ തുടങ്ങി ആനകളുടെയടക്കം ക്ഷേമം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയാണ്. കൊവിഡ് വന്നതോടെ ഉത്തരവാദിത്തം കൂടി.
1990 ജനുവരി ഒന്നിന് എൽ.ഡി ക്ലാർക്കായിട്ടാണ് ബ്രീജാകുമാരി സർക്കാർ സർവീസിൽ പ്രവേശിച്ചത്. പത്തനംതിട്ട ജില്ലയിലെ മുല്ലപ്പള്ളി താലൂക്കിൽ വില്ലേജ് അസിസ്റ്റന്റ് ആയിട്ടായിരുന്നു നിയമനം. തുടർന്ന് പ്രൊമോഷൻ ലഭിച്ച് തൃശൂർ ജില്ലാകളക്ടറേറ്റിലെത്തി. 1995 മുതൽ 2001 വരെ കളക്ടറേറ്റിലും അന്തിക്കാട് ബ്ലോക്ക് ഓഫീസിലുമായിരുന്നു സേവനം. പിന്നീട് തൃശൂരിലെ വിവിധ വില്ലേജ് ഓഫീസുകളിലും പ്രവർത്തിച്ചു. അതിനുശേഷം പ്രൊമോഷൻ ലഭിച്ച് തഹസിൽദാർ ആയി. കുന്നംകുളം താലൂക്ക് രൂപീകരിച്ചപ്പോൾ ആദ്യത്തെ തഹസിൽദാറുമായി. തുടർന്നായിരുന്നു ഡെപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം ലഭിച്ചതും ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും.
കൊവിഡ് കാലത്തെ ചുമതല
ആഗസ്റ്റ് മാസത്തിലാണ് ഞാൻ ചാർജ് എടുത്തത്. ആ സമയത്ത്, പൂർണമായുള്ള അടച്ചിടലിൽ നിന്ന് വെർച്വൽ ക്യൂ സംവിധാനത്തിലേക്ക് ക്ഷേത്രം മാറിയിരുന്നു. വരുമാനം അടക്കമുള്ള കാര്യങ്ങളിൽ ഭരണസമിതിക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും, ക്ഷേത്രം തുറന്നുകൊടുത്തതിനു ശേഷമുള്ള ഭക്തരുടെ വരവിലൂടെയാണ് അത് അകന്നത്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുപോലും അവധി ദിനങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ചില കാര്യങ്ങളൊക്കെ ഇനിയും നടപ്പിലാക്കണമെന്ന് ആഗ്രഹമുണ്ട്. ജീവനക്കാർക്ക് ആവശ്യമായ പരിശീലനം ഇപ്പോൾ കിട്ടുന്നില്ല. അത് പ്രാവർത്തികമാക്കണം. അതുപക്ഷേ ഭരണസമിതിയുടെ കാലാവധി നിലവിലുള്ളതിൽ നിന്നും നീട്ടി നൽകിയെങ്കിൽ മാത്രമേ സാധിക്കൂ. അന്നദാനമണ്ഡപം, ക്യൂ കോംപ്ലക്സ്, ഇ-ടോയിലറ്റ് തുടങ്ങിയ പദ്ധതികളെല്ലാം നടപ്പിൽ വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൂവായിരം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള അന്നലക്ഷ്മി ഹാൾ മൂന്ന് നിലകളിലാണ് ഒരുങ്ങുന്നത്. ആനക്കോട്ടയുടെ കാര്യം എടുക്കുകയാണെങ്കിൽ, ഇപ്പോൾ ചെളിയും മറ്റുമൊക്കെയായുള്ള പരിസരത്തിലാണ് ആനകൾ നിൽക്കുന്നത്. അത് മാറ്റി കടൽ മണൽ വിരിക്കണമെന്ന ആലോചനയുണ്ട്. ഉപ്പിന്റ അംശം ഉള്ളതുകൊണ്ട് ആനകളുടെ ആരോഗ്യത്തിന് മണലിന്റെ സാന്നിദ്ധ്യം നല്ലതാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. നിലവിൽ  ഉപയോഗിക്കാതെ കിടക്കുന്ന ദേവസ്വം ഭൂമിയിൽ മിയാവാക്കി പദ്ധതി, ഗോക്കളുടെ പുനരധിവാസം തുടങ്ങിയവയും നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹം.
എല്ലാ ക്ഷേത്രങ്ങളെയും പോലെ തന്നെ കൊവിഡ് പ്രതിസന്ധി ഗുരുവായൂരിനെയും ബാധിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി ഏകദേശം 12 കോടിയോളമാണ് ഗുരുവായൂർ ദേവസ്വത്തിലെ ഒരു മാസത്തെ ചെലവ്. വരുമാനം ഇപ്പോൾ മൂന്നിൽ ഒന്നായി കുറഞ്ഞിട്ടുണ്ട്. ഫിക്സഡ് ഡെപ്പോസിറ്റ് അടക്കമുള്ളവ കൊണ്ടാണ് പ്രതിസന്ധികൾ പരിഹരിച്ച് പോകുന്നത്. എന്തായാലും പ്രതിസന്ധികൾക്കെല്ലാം ഉടനെ പരിഹാരമുണ്ടാകും എന്നുതന്നെയാണ് ഭരണസമിതിയുടെ വിശ്വാസം.
വഴി കാട്ടുന്നു കുടുംബം
ഭർത്താവ്  ശിവദാസ് ഗൾഫിലാണ്. രണ്ട് മക്കളാണ്. മൂത്തമകൻ ശ്രീരാജ് എസ് മേനോൻ, എൻജിനിയറിംഗ് പഠനത്തിന് ശേഷം യുകെയിൽ ഉന്നതപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇളയ മകൻ ശിവരാജ് എസ്. മേനോൻ, മുംബയ് സെന്റ് സേവ്യേഴ്സ് കോളേജിൽ എം.എസ് സി ചെയ്യുന്നു. അച്ഛൻ ശ്രീധരൻ നായർ  ഇടതുപക്ഷസഹയാത്രകനായിരുന്നു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അച്ഛൻ തന്നെയായിരുന്നു ബ്രീജയുടെ ജീവിതത്തിലെ വഴികാട്ടി. അമ്മ കാർത്ത്യായനിയമ്മ. സഹോദരൻ രാംദാസ് സാമൂഹിക ക്ഷേമവകുപ്പിലും, സഹോദരി ഗീത മുംബയിൽ അദ്ധ്യാപികയുമാണ്.