munawar-faruqui

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖി ജയിൽ മോചിതനായി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയാണ് ഫാറൂഖി ജയിൽ മോചിതനായത്.


വെള്ളിയാഴ്ച മുനവറിന് സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു. എന്നാൽ ഉത്തരവിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മദ്ധ്യപ്രദേശ് പൊലീസ് ജയിൽമോചനം വൈകിപ്പിക്കുകയായിരുന്നു.തുടർന്ന് സുപ്രീം കോടതി ജഡ്ജി ഇൻഡോറിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനെ ഫോണിൽ ബന്ധപ്പെടുകയും മുനവറിനെ മോചിപ്പിക്കണമെന്ന് നിർദേശിക്കുകയുമായിരുന്നു.

കഴിഞ്ഞമാസമാണ് ബി ജെ പി എം എൽ എ മാലിനി ഗൗറിന്റെ മകൻ ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയിൽ മുനവർ ഫാറൂഖി ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിലായത്. പ്രാദേശിക കോടതി ഇവരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയും, മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാതായതോടെയുമായിരുന്നു മുനവർ സുപ്രീം കോടതിയെ സമീപിച്ചത്.