sunny-leone

നടി സണ്ണി ലിയോണിന്റെ ആരോപണങ്ങൾ തള്ളി പരിപാടിയുടെ കോഓർഡിനേറ്ററായിരുന്ന ഷിയാസ് പെരുമ്പാവൂർ. കേരളത്തിൽ രണ്ടു പരിപാടികളാണ് സണ്ണി ലിയോണിനെ വച്ചു നടത്താൻ തീരുമാനിച്ചതെന്നും, അവസാന നിമിഷം പിൻമാറിയത് അവരാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

സംഘാടകർ വാക്കുപാലിച്ചില്ലെന്ന് സണ്ണി പറയാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്നും ഷിയാസ് പറഞ്ഞു. ഒന്നരക്കോടിയിലേറെ മുടക്കി നടത്താനിരുന്ന പരിപാടി നടക്കാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യത മൂലം പണം മുടക്കിയ വടകര സ്വദേശിനി ആത്മഹത്യാ ശ്രമം വരെ നടത്തിയെന്നും, കൃത്യസമയത്ത് മക്കൾ കണ്ടതിനാൽ വലിയ ദുരന്തം ഒഴിവായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനും ആത്മഹത്യയുടെ വക്കിലാണെന്നും, ഇപ്പോൾ ഹൈക്കോടതിയിൽ നിന്നുള്ള മുൻകൂർ ജാമ്യത്തിലാണ് വടകര സ്വദേശിനിയും താനും ജീവിക്കുന്നതെന്നും ഷിയാസ് പറഞ്ഞു. പണം നഷ്ടപ്പെട്ട സംഭവത്തിൽ പരാതി നൽകിയിട്ട് രണ്ടു വർഷമായെങ്കിലും നടപടിയുണ്ടായില്ലെന്നും, കൊവിഡിന് മുമ്പ് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരാതി ലഭിച്ചിട്ടും കേരള പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഡിജിപിയെയും മുഖ്യമന്ത്രിയെയും പോയി കണ്ടശേഷമാണ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചത്. തുടർ നടപടി ഇല്ലാതിരിക്കെ കഴിഞ്ഞ ദിവസം ഇവർ കേരളത്തിലെത്തിയ ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ തയാറായതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.