bjp-president

കോഴിക്കോട്: ബി ജെ പി അധികാരത്തിലെത്തിയാൽ ലൗ ജിഹാദിനെതിരെ ഉത്തർപ്രദേശ് മാതൃകയിൽ നിയമം കൊണ്ടുവരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൗ ജിഹാദിൽ ഇരുമുന്നണികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ബി ജെ പി അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടും. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് നൽകണം. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേൽപ്പിക്കും. ശബരിമലവിഷയത്തിൽ ഇരുമുന്നണികളും ജനങ്ങളെ കബളിപ്പിക്കുകയാണ്.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് വിഷയം അവർ ഉയർത്തിക്കൊണ്ടുവരുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അവർക്ക് ആത്മാർത്ഥതയില്ല. ശബരിമല പ്രക്ഷോഭകാലത്ത് രാഹുൽഗാന്ധി കോൺഗ്രസിന്റെ നയം പരസ്യമായി പ്രഖ്യാപിച്ചു. അത് വിശ്വാസികൾക്കെതിരായിരുന്നു. ഇപ്പോൾ യു ഡി എഫ് പറയുന്നത് ശബരിമല വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുമെന്നാണ്. അതിന്റെ കരടും പുറത്തുവിട്ടിരിക്കുകയാണ്. കോൺഗ്രസിന്റെ ഒരു നേതാവും പ്രക്ഷോഭകാലത്ത് വിശ്വാസികൾക്കൊപ്പം ഉണ്ടായിരുന്നില്ല. യു ഡി എഫ് നേതാക്കൾ മാളത്തിലൊളിക്കുകയായിരുന്നു. പത്തനംതിട്ടയ്ക്കപ്പുറത്തേക്ക് കോൺഗ്രസിനെ എവിടേയും കണ്ടില്ല. ഞങ്ങളാണ് സർക്കാരിനെ മുട്ടുകുത്തിച്ചത്‌. ശബരിമല പ്രക്ഷോഭ കാലത്തെ എല്ലാകേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറാവണം'- സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ക്രൂരമായ നിലപാട് സ്വീകരിച്ചയാൾ വേറെ ആരുമില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. 'ഒരു പ്രസ്താവന പോലും അദ്ദേഹം അന്ന് ഇറക്കിയില്ല. അത് ഹിന്ദുക്കളുടെ കാര്യമല്ലേ അവർ എന്തുവേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടായിരുന്നു ഉമ്മൻചാണ്ടിക്ക്. വിശ്വാസികളുടെ കാര്യത്തിൽ പ്രസ്താവനകൾ കൊണ്ട് കാര്യമില്ല. നടപടികളാണ് ആവശ്യം. ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയെന്ന് പറയുന്നവർ അത് പരസ്യമാക്കണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു.