
പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു
ഋഷികേശിലും ഹരിദ്വാറിലും ജാഗ്രത
നദീതീരങ്ങളിലെ ഗ്രാമങ്ങൾ ഒഴിപ്പിച്ചു
ഡെറാഡൂൺ: ഹിമാലയ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭീമൻ മഞ്ഞുമല ഇടിഞ്ഞുവീണ് ധൗളിഗംഗാ നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ അണക്കെട്ടു തകർന്ന്, കുറഞ്ഞത് 150 പേർ ഒഴുകിപ്പോയി. നദിയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തു. ഒഴുക്കിൽ കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
പ്രളയത്തിൽ 125 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും കുത്തൊഴുക്കിൽ 150 പേരെങ്കിലും അകപ്പെട്ടിട്ടുണ്ടെന്നും, ഇവർ രക്ഷപ്പെട്ടിരിക്കാൻ സാദ്ധ്യത വിരളമാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ദുരന്ത നിവാരണ സേന അറിയിച്ചു. നദിയുടെ പ്രവാഹപാതയിലെ തീരഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും പ്രളയം കനത്ത നാശം വിതച്ചേക്കുമെന്നാണ് ആശങ്ക. 2013-ൽ ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടന പ്രതിഭാസത്തെ തുടർന്നുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും ആറായിരത്തോളം പേർ മരണമടഞ്ഞിരുന്നു. ചമോലി ജില്ലയിൽ തപോവൻ പ്രദേശത്തെ റെയ്നി ഗ്രാമത്തിൽ ഇന്നലെ രാവിലെ 10.45- നായിരുന്നു ദുരന്തം. ഋഷിഗംഗ നദിയിൽ നിർമ്മാണത്തിലിരുന്ന തപോവൻ താപവൈദ്യുതി നിലയത്തിന്റെ ഭാഗമായ അണക്കെട്ടാണ് തകർന്നത്. എൻ.ടി.പി.സിക്കു (നാഷണൽ തെർമൽ പവർ കോർപറേഷൻ) കീഴിലുള്ള പദ്ധതിയിൽ ജോലിചെയ്തിരുന്ന തൊഴിലാളികളാണ് കാണാതായ എല്ലാവരും. അണക്കെട്ടിന്റെ ഭാഗമായ തുരങ്കത്തിൽ കുടുങ്ങിപ്പോയ ഇരുപതോളം തൊഴിലാളികളിൽ 16 പേരെ രക്ഷപ്പെടുത്തി. ജോഷിമഠ് പർവത മേഖലയിലെ നന്ദാദേവി മഞ്ഞുമലയുടെ ഭാഗമാണ് തകർന്നത്. കൂറ്റൻ മഞ്ഞുമലയും ധൗളി നദിയിൽ മാരകശക്തിയോടെ പ്രവഹിച്ച പ്രളയജലവും അണക്കെട്ട് തകർക്കുകയായിരുന്നു. സമീപപ്രദേശമായ മലരിയിലെ പാലം ഒഴുകിപ്പോയി. മറ്റൊരു അണക്കെട്ടിനും കേടുപറ്റി. അണക്കെട്ടു തകർന്ന് പതിനഞ്ചു മിനിട്ടിനകം, ജോഷിമഠിൽ നിന്ന് 26 കിലോമീറ്റർ അകലെ റെയ്നി ഗ്രാമത്തിൽ ധൗളി ഗംഗാ നദിയിൽ വൻ പ്രളയം ദൃശ്യമായിരുന്നു. ഇരുകരകളെയും കവർന്ന പ്രളയത്തിൽ നിരവധി വീടുകൾ തകർന്നു. ഋഷിഗംഗാ തീരങ്ങളിലും അനേകം പേർ ദുരന്തത്തിനിരയായി. നൂറുകണക്കിന് ഇൻഡോ ടിബറ്റൻ ഭടന്മാരും 400 കരസേനാംഗങ്ങളും മെഡിക്കൽ സംഘവും ഇവിടെ രക്ഷാപ്രവർത്തനം തുടരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് റെയ്നിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ധൗളിഗംഗയും ഋഷിഗംഗയും
ഗംഗയുടെ പോഷക നദികളിലൊന്നാണ് ധൗളി ഗംഗ. ജോഷിമഠിൽ വച്ച് അളകനന്ദയിൽ (ഗംഗ) ചേരുന്ന ധൗളിയുടെ ഭാഗമാണ് ഋഷിഗംഗ നദി. രണ്ടു നദികളിലെ മിന്നൽ പ്രളയം അളകനന്ദയിലേക്കും വ്യാപിച്ചു. അപകടരേഖയ്ക്കു മുകളിലെത്തിയ അളകനന്ദയിലെ ജലപ്രവാഹം തടസ്സപ്പെടാതിരിക്കാൻ നദീപാതയിലുള്ള ശ്രീനഗർ (ഉത്തരാഖണ്ഡ്), ഹരിദ്വാർ അണക്കെട്ടുകൾ തുറന്നുവിട്ടു. പൗഡി, തെഹ്രി, രുദ്രപ്രയാഗ്, ഹരിദ്വാർ, ഡെറാഡൂൺ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ദേവപ്രയാഗ് മുതലാണ് അളകനന്ദ ഗംഗയായി ഋഷികേശിലും ഹരിദ്വാറിലും എത്തുന്നത്. അപകട നിരപ്പിനും ഒരു മീറ്ററിലധികം ഉയർന്നാണ് അളകനന്ദ ദേവപ്രയാഗ് പിന്നിട്ടത്. രാത്രി വൈകിയാകും പ്രളയജലം ഋഷികേശിലും ഹരിദ്വാറിലുമെത്തുക. ഗംഗയുടെ തീരങ്ങളിൽ നിന്ന് ആളുകളെ ഇന്നലെ വൈകിട്ടു തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.
രക്ഷാപ്രവർത്തനം ദുർഘടം
സംഹാരഭാവം പൂണ്ട് കരകൾ കവർന്നൊഴുകുന്ന ധൗളിഗംഗയിലെ രക്ഷാപ്രവർത്തനം അതീവദുഷ്കരം.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു യൂണിറ്റുകളാണ് ആദ്യമെത്തിയത്. പിന്നീട് ഡൽഹിയിൽ നിന്ന് അഞ്ച് ടീമുകളെക്കൂടി വിമാനമാർഗം എത്തിച്ചു. ഇൻഡോ ടിബറ്റൻ അതിർത്തിസേനയും കരസേനയും പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ദുരന്തസ്ഥലത്ത് മെഡിക്കൽ സംഘം ക്യാംപ് ചെയ്യുന്നു.
ആറു ലക്ഷം ധനസഹായം
ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി ഉത്തരാഖണ്ഡ് നാലു ലക്ഷം രൂപ വീതം നൽകും. രണ്ടു ലക്ഷം രൂപ വീതം കേന്ദ്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് വലിയ ദുരന്തമാണ് നേരിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലെത്തും.