uttarakhand

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ 10 മൃതദേഹങ്ങൾ കണ്ടെടുത്തു. പതി​നാറുപേരെ രക്ഷപ്പെടുത്തി​. കൂടുതൽപേർ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കൂടുതൽ ദേശീയ ദുരന്തനിവാരണസേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും രംഗത്തിറങ്ങി. പലയിടങ്ങളിലായി നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. വെളളപ്പാച്ചിലിൽ തകർന്ന അളകനന്ദ നദിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായിട്ടുണ്ട്. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. പ്രദേശത്തിന്റെ ദുർഘടാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെയാേടെ പടുകൂറ്റൻ മഞ്ഞുമല ഇടിഞ്ഞുവീണത്. കുത്തിയാെഴുകിയെത്തിയ വെളളത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി നദികൾ കരകവിഞ്ഞു. വെളളം കുത്തിയൊലിച്ച് എത്തിയതോടെ പല അണക്കെട്ടുകളും തുറന്നുവിട്ടു. ചില അണക്കെട്ടുകൾ തകർന്നിട്ടുണ്ട്. അളകനന്ദ നദിയുടെ തീരത്തുളളവരെ ഒഴിപ്പിച്ചു. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങൾ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ തുടരുകയാണ്.

ദുരന്തത്തിന്റെ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുഖ്യമന്ത്രി​യുമായി​ സംസാരിച്ചു. ഉത്തരാഖണ്ഡിന് എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയതായും വ്യോമസേനയ്ക്ക് അടക്കം മുന്നറിയിപ്പ് നൽകിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നടപടി തുടങ്ങിയതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റേയും പറഞ്ഞു.

പ്രദേശത്ത് മിന്നൽ പ്രളയസാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലും ഗംഗാനദിയുടെ കരയിലുളളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അപകടത്തെ തുടർന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ധൗളിഗംഗ, ജോഷിമഠ് എന്നിവിടങ്ങളിൽ വൻ വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്. ഭാഗീരഥി നദിയിലെ വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാൻ മുൻകരുതലിന്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട്. ശ്രീനഗർ, ഋഷികേശ് അണക്കെട്ടുകളിലെ വെള്ളം ഒഴുക്കിക്കളയാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ വെളളപ്പൊക്കത്തിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

DGP, Uttarakhand, Ashok Kumar says that 50-100 people, mostly those working at the #RishiGangaPowerProject are missing. #Chamoli #Uttarakhand #avalanche @ians_india @IANSKhabar pic.twitter.com/4i8A6LYJ4g

— Anand Singh (@Anand_Journ) February 7, 2021

അപകടം വൻദുരന്തം തന്നെയാണെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഋഷിഗംഗ അണക്കെട്ടിലേക്ക് വെള്ളം ഇരച്ചെത്തുന്ന ദൃശ്യങ്ങളാണ് ഏറെ ഭീതിജനിപ്പിക്കുന്നത്. നദിക്കരയിലെ ചില വീടുകൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങളും ഇതിൽ കാണാം.ഹെൽപ്പ്ലൈൻ നമ്പർ‌: 1070, 9557444486.