tea-politics

കൊൽക്കത്ത: ഇന്ത്യയെയും ഇന്ത്യൻ തേയിലയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ അപമാനിക്കുന്നവർ ഇപ്പോൾ ഇന്ത്യൻ തേയിലയെ പോലും വെറുതെ വിടുന്നില്ല. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലർ തേയിലയുമായിബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. കിഴക്കൻ അസമിലെ ബിശ്വനാഥിലേയും ചരൈദേവിലെയും രണ്ട് മെഡിക്കൽ കോളേജുകൾക്കും അസം മാല എന്ന ദേശീയ പാത വികസന പദ്ധതിക്കും തറക്കല്ലിട്ടതിനു ശേഷം തോട്ടം തൊഴിലാളികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്. സംസ്ഥാനത്തെ പ്രശസ്തമായ ഉത്പന്നം ഇല്ലാതാക്കാനുള്ള ശ്രമം നടക്കുകയാണ് ഇന്ത്യയെ അപമാനിക്കുന്നവർ ഏറ്റവും തരംതാഴ്ന്ന് ഇപ്പോൾ ഇന്ത്യൻ തേയിലയെ പോലും വെറുതെ വിടുന്നില്ല. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലർ തേയിലയുമായിബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവന്നിട്ടുണ്ട്. നിങ്ങൾ ഈ ആക്രമണത്തെ അംഗീകരിക്കുമോ എന്നും മോദി ചോദിച്ചു.

തോട്ടംതൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി ബജറ്റിൽ അനുവദിച്ചതിനെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ വിഷയത്തെക്കുറിച്ച് പറഞ്ഞത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ് പദ്ധതികൾക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ മൂന്ന് വർഷത്തിനിടെ 34000 കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.