
ഇനി ആസ്ട്രേലിയൻ ഓപ്പൺ ആരവം
മെൽബൺ: സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാം ടൂർണമെന്റായ ആസ്ട്രേലിയൻ ഓപ്പണിന് ഇന്ന് തുടക്കമാകവേ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ സെൻസേഷൻ അങ്കിത റെയ്ന. ഇത്തവണ ആസ്ട്രേലിയൻ ഓപ്പണിന്റെ ഡബിൾസിൽ കളിക്കാനിറങ്ങുന്ന അങ്കിത ഒരു ഗ്രാൻഡ് സ്ലാമിൽ കളിക്കാൻ അവസരം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യക്കാരി എന്ന നേട്ടമാണ് സ്വന്തമാക്കിയത്. നിരുപമ മങ്കാദിനും (1971), നിരുപമ വൈദ്യനാഥിനും (1998), ഇന്ത്യ-അമേരിക്കൻ ശിഖ ഉബറോയിക്കും (2004) സാനിയ മിർസയ്ക്കും ശേഷം ഗ്രാൻഡ് സ്ലാമിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ താരമാണ് അഹമ്മദാബാദ് സ്വദേശിയായ അങ്കിത. റുമാനിയൻ താരം മിഹയേല ബുസാരനസ്ക്യുവാണ് അങ്കിതയുടെ ഡബിൾ പാട്ണർ.
വൈൽഡ് കാർഡ് ലഭിച്ചെത്തിയ ആസ്ട്രേലിയൻ ജോഡി ഒലീവിയ ഗഡേക്കി - ബലിന് വൂൾകോക്ക് സഖ്യത്തിനെതിരെയാണ് അങ്കിതയുടേയും മിഹയേലയുടേയും ആദ്യ മത്സരം.
വനിതാ സിംഗിൾസിൽ ലക്കി ലൂസറായി അവസരം ലഭിക്കുമെന്ന് കരുതിയെങ്കിലും അത് ലഭിക്കാതെ വന്നപ്പോഴാണ് അങ്കിത ഡബിൾസിൽ ഒരു കൈനോക്കാൻ തീരുമാനിച്ചത്.
1998ലെ ആസ്ട്രേലിയൻ ഓപ്പണിൽ മത്സരിച്ച നിരുപമ വൈദ്യനാഥനാണ് ഗ്രാൻഡ് സ്ലാം സിംഗിൾസ് കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം. 1971ൽ വിംബിൾഡൺ മിക്സഡ് ഡബിൾസിൽ ആനന്ദ് അമൃതരാജിനൊപ്പമാണ് നിരുപമ മങ്കാദ് കോർട്ടിലിറങ്ങിയത്. 2004ലെ യു.എസ്. ഓപ്പൺ കളിച്ച ശിഖ രണ്ടാം റൗണ്ടിലെത്തി. സാനിയ മിർസ സിംഗിൾസിലും ഡബിൾസിലും ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി.
ഗ്രാൻഡ് സ്ലാം വനിതാ ഡബിൾസിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കാഡും അങ്കിതയെ കാത്തിരിക്കുന്നു.
കൊവിഡ് കാലത്തെ കളി
ജനുവരി 18ന് തുടങ്ങേണ്ട ടൂർണമെന്റ് ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കാനാണ് ഫെബ്രുവരി എട്ടിലേക്ക് നീട്ടിയത്. ടൂർണമെന്റിന്റെ വേദിയായ മെൽബണിൽ കൊവിഡ് വലിയതോതിൽ പിടിമുറുക്കിയിട്ടുണ്ട്. ഇന്ത്യൻ സമയം വെളുപ്പിന് 5.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരിക്കുന്ന ഇതിഹാസ താരം റോജർ ഫെഡറർ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ല. പരിക്കിന്റെ പിടിയിലാണെങ്കിലും സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.