modi

ഗുവാഹത്തി: ഇന്ത്യയേയും ഇന്ത്യൻ തേയിലയേയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ഗൂഢാലോചനകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഉത്തരം തേടുമെന്നും അദ്ദേഹം പറഞ്ഞു.

അസം, ചായയ്ക്ക് പേരുകേട്ട സംസ്ഥാനമാണെന്നും സോനിത്പുരിലെ ചുവന്ന ചായ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് വ്യക്തിപരമായി ഇതിനെക്കുറിച്ച് അറിയാം. സംസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ഉൽ‌പന്നം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ചിലർ ഇന്ത്യൻ തേയിലയെയും അതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ പ്രതിച്ഛായയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വെളിപ്പെടുത്തുന്ന ചില രേഖകൾ പുറത്തുവന്നിട്ടുണ്ട്.

തോട്ടം തൊഴിലാളികളുടെ ക്ഷേമപദ്ധതിക്കായി 1,000 കോടി രൂപ വകയിരുത്തിയതിനെ പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഗൂഢാലോചനയെക്കുറിച്ച് പറഞ്ഞത്. മൂന്ന് വർഷത്തിനിടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ റോഡ് പദ്ധതികൾക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ 34,000 കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ബിശ്വനാഥിലെയും ചരൈദിയോയിലെയും രണ്ടു മെഡിക്കൽ കോളജുകൾക്ക് മോദി തറക്കല്ലിട്ടു. ‘അസോം മാള’ എന്ന ദേശീയപാത വികസന പദ്ധതിക്കും തുടക്കം കുറിച്ചു.

 ബംഗാളിലും മോദിയെത്തി

ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഗൂഢാലോചന നടത്തുന്നവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. മമതാ ബാനർജിയും സംഘവും ബംഗാളിനെ കൊള്ളയടിച്ച് നശിപ്പിച്ചതായും ഇടതു പക്ഷ സർക്കാരിനെ ഓർമ്മിപ്പിക്കുന്ന ഭരണമാണ് തൃണമൂലിന്റേതെന്നും അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന സൂചനയും അദ്ദേഹം നൽകി. സമരങ്ങളെ സഹായിക്കാനെന്ന പേരിൽ ചില വിദേശ ഗൂഢ ശക്തികൾ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഇന്ത്യയുടെ ഖ്യാതി നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ വില ഉടൻ നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകി. കേരളത്തേയും പ്രധാനമന്ത്രി വിമർശിച്ചു. കേരളത്തെ 5 വർഷം വീതം കൊള്ളയടിക്കാൻ ഇടതും വലതും തമ്മിൽ ധാരണയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ഹാൽദിയയിൽ ബി.പി.സി.എൽ നിർമ്മിച്ച എൽ.പിജി. ഇറക്കുമതി ടെർമിനലും നാലുവരിപ്പാതയുള്ള റോബ്-കം-ഫ്ലൈഓവറും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് കൂടാതെ,​ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഹാൽദിയ റിഫൈനറിയുടെ നിർണായക പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു. ഇന്നലെ രാവിലെ അസം സന്ദർശിച്ച ശേഷം, വൈകുന്നേരത്തോടെയാണ് അദ്ദേഹം ബംഗാളിലെത്തിയത്. അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ചടങ്ങിൽ നിന്ന് വിട്ടു നിന്നു.