artist

സാൻഡിയാഗോ: തെക്കൻ ചിലിയിൽ പൊലീസുകാർ തെരുവ് കലാകാരനെ വെടിവച്ച് കൊന്നതിനെതിരെ വൻ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിൽ തിരച്ചിൽ നടത്തുന്നതിനോട് സഹകിരക്കാതിരുന്ന തെരുവ് കലാകാരനെ പൊലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു വിഡിയോ പ്രാദേശിക ചാനലുകളിലും സമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. സംഭവം കണ്ടുനിന്ന പ്രദേശവാസികൾ പൊലീസിനോട് കയ‌‌ർക്കുകയും ഇത് പ്രതിഷേധത്തിലേക്ക് നയിക്കുകയാമായിരുന്നു.

പ്രതിഷേധക്കാരെ തുരത്താൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ നിരവധി കെട്ടിടങ്ങൾക്ക് തീയിടുകയും ചെയ്തു. അതേസമയം, കലാകാരനെ വെടിവച്ച പൊലീസ് ഉദ്ധ്യോഗസ്ഥനെ പ്രാദേശിക പൊലീസ് പിന്തുണയ്ക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. നിയമാനുസൃതമായ ആത്മരക്ഷയ്ക്കായി സ്വന്തം ജീവൻ രക്ഷിക്കാൻ ഉദ്ധ്യോഗസ്ഥർ ആയുധം ഉപയോഗിച്ചതായി പാംഗുപ്പുള്ളി പൊലീസ് ലെഫ്റ്റനന്റ് കേണൽ ബോറിസ് അലെഗ്രിയ അറിയിച്ചു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതു മന്ത്രാലയത്തിന് കൈമാറാൻ പൊലീസിന് നിർ‌ദ്ദേശം നൽകിയതായും ചിലിയൻ സ‌ർക്കാർ അറിയിച്ചു. വെടിവയ്പ്പിനെതിരെ നിരവധിപേ‌ർ നവ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിച്ചു.

ഈ തെരുവ് കലാകാരന്റെ വിയോഗത്തിൽ ഞങ്ങൾ ഖേദിക്കുന്നു. നീതി ലഭിക്കുമെന്ന് പ്രതീക്കുന്നു. പാംഗുപുള്ളി മേയ‌ർ റിക്കാ‌ർഡോ വാൽഡിവിയ പറഞ്ഞു. ഒരു പൊലീസ് സേനയുടെ ഭാഗത്തുനിന്നും ഇത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് എഴുത്തുകാരൻ പെഡ്രോ ഗാൻഡോൾഫോ ട്വിറ്ററിൽ കുറിച്ചു.