തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) മേൽനോട്ടത്തിലുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പായ എംബ്രൈറ്റ് ഇൻഫോടെക്കിനെ ജിയോ ജെൻനെക്സ്റ്റ് ബെയ്സ് ക്യാമ്പിന്റെ പതിമൂന്നാം ബാച്ചിലേക്ക് തിരഞ്ഞെടുത്തു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ആക്‌സിലറേറ്റർ പ്രോഗ്രാമാണിത്. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, നിർമ്മിതബുദ്ധി എന്നിവയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന എംബ്രൈറ്റ് ഇൻഫോടെക്കിനെ മാത്രമാണ് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുത്തത്. സത്യനാരായണൻ എ.ആർ ആണ് എംബ്രൈറ്റ് ഇൻഫോടെക്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ. ബോബിൻ ചന്ദ്ര സഹസ്ഥാപകനുമാണ്.