
മുംബയ്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതികളുടെ അശ്ശീല വീഡിയോകൾ അപ്‌ലോഡ് ചെയ്തതതിന് ബോളിവുഡ് നടി ഗെഹന വസിഷ്ഠ് അറസ്റ്റിൽ. നടിയുടെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റിലും മറ്റു അശ്ലീല വെബ്സൈറ്റുകൾക്കുമായി പോൺ വിഡിയോകൾ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തതിനാണ് അറസ്റ്റെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാഴ്ച മുൻപു രജിസ്റ്റർ ചെയ്ത കേസിൽ മുംബയ് ക്രൈംബ്രാഞ്ച് ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തു.
ഗെഹന, പോൺ വീഡിയോകൾ സംവിധാനം ചെയ്യുകയും ചില വീഡിയോകളിൽ അഭിനയിക്കുകയും ചെയ്തിരുന്നതായും അവർ പറഞ്ഞു. സംഭവത്തിൽ മറ്റു മോഡലുകളുടേയും നിർമാണ കമ്പനികളുടേയും പങ്ക് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം, വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ നിർമാതാവും സംവിധായകനുമായ യാസ്മിൻ ബെഗ് ഖാൻ, ഗ്രാഫിക് ഡിസൈനർ പ്രതിഭ നലവാഡെ, നടൻ മോനു ഗോപാൽദാസ് ജോഷി, അസിസ്റ്റന്റ് ഭാനുസൂര്യം താക്കുർ, കാമറാമാൻ മുഹമ്മദ് അലി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാദ്ധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.
ഗെഹന വസിഷ്ഠ്
2012ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിൽ ജേതാവും 32 കാരിയുമായ ഗെഹന വസിഷ്ഠിന്റെ യഥാർഥ പേര് വന്ദന തിവാരി എന്നാണ്. ഫിൽമി ദുനിയയാണ് ആദ്യ ചിത്രം. സ്റ്റാർ പ്ലസിലെ ടിവി ഷോയായ ബെഹെയ്‌നിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഗന്ധി ബാദ് എന്ന വെബ്സീരിസിലും സുപ്രധാന വേഷം ചെയ്തു.