naval-officer-killed

മുംബയ്: മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക ലഭിക്കി​ല്ലെന്ന്​ വ്യക്തമായതോടെ തട്ടിക്കൊണ്ടുപോയ നാവികനെ അജ്ഞാത സംഘം തീകൊളുത്തി കൊന്നു. മഹാരാഷ്​ട്രയിലെ പാൽഗറിൽ ഗുരുതരമായി പെള്ളലേറ്റ നിലയിൽ ക​ണ്ടെത്തിയ സൂരജ്​ കുമാർ ദുബെയാണ്​​ (26) മുംബയിലെ ആശുപത്രിയിൽ വച്ച്​ മരിച്ചത്​. കോയമ്പത്തൂരിലെ ഐ.എൻ.എസ്​ അഗ്രാണി ട്രെയിനിംഗ്​ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുകയായിരുന്ന സൂരജ്​ അവധിയിലായിരുന്നു. സ്വദേശമായ റാഞ്ചിയിൽ നിന്നും ജനുവരി 30ന്​ ചെന്നൈ വിമാനത്തിൽ ഇറങ്ങിയ സൂരജിനെ ഒരു സംഘം ആളുകൾ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. തുടർന്ന്, സൂരജിനെ വിട്ടുനൽകാൻ 10 ലക്ഷം രൂപ കുടുംബത്തോട്​ ആവശ്യപ്പെട്ടു. മൂന്ന്​ ദിവസം ചെന്നൈയിൽ തടവിൽ പാർപ്പിച്ച സൂരജിനെ പിന്നീട്​ പാൽഗറിലെ വനപ്രദേശമായ ഗോൽവാഡിൽ എത്തിക്കുകയായിരുന്നു. സൂരജിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ഗ്രാമീണരാണ്​ പൊലീസിനെ വിവരമറിയിച്ചത്​. പാൽഗർ പൊലീസ്​ ​കേസ്​ രജിസ്റ്റർ ചെയ്​ അന്വേഷണം ആരംഭിച്ചു.