pf

കൊച്ചി: ഇത്തവണത്തെ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പി.എഫ് പലിശയ്ക്കുമേൽ ആദായനികുതി ഏർപ്പെടുത്തിയതിന്റെ ലക്ഷ്യം അതിസമ്പന്നരുടെ 'അതിബുദ്ധി" പൊളിക്കൽ. നിലവിൽ പ്രൊവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിന് വാർഷിക പലിശ എട്ട് ശതമാനമാണ്. ഇതേതുക ബാങ്ക് നിക്ഷേപമാക്കിയാൽ ലഭിക്കുക ശരാശരി ആറു ശതമാനം മാത്രം. വലിയ ശമ്പളം വാങ്ങുന്ന നിരവധിപേർ വൻതുക പി.എഫിലേക്ക് മാറ്റി വലിയ പലിശവരുമാനം സ്വന്തമാക്കുന്നുണ്ട്. പുറമേ, നിക്ഷേപത്തിന്റെ പേരിൽ നികുതിയിളവുകളും ഇവർ സ്വന്തമാക്കുന്നു.

ഇതു ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ധനമന്ത്രി പലിശയ്ക്കുമേൽ നികുതി ഏർപ്പെടുത്തിയത്. എന്നാൽ, പ്രതിവർഷം രണ്ടരലക്ഷം രൂപയ്ക്കുമേൽ പി.എഫ് നിക്ഷേപം നടത്തുന്നവർ അധിക നിക്ഷേപത്തിന്മേലുള്ള പലിശയ്ക്കുമേലാണ് നികുതി നൽകേണ്ടത്. ഈ വിഭാഗത്തിൽപ്പെട്ടവർ മൊത്തം പി.എഫ് നിക്ഷേപകരുടെ 0.27 ശതമാനം പേർ മാത്രമേയുള്ളൂ. അതിനാൽ, സാധാരണക്കാർക്ക് ധനമന്ത്രിയുടെ നടപടി തിരിച്ചടിയാവില്ല.

4.5 കോടി പി.എഫ് നിക്ഷേപകരാണ് രാജ്യത്തുള്ളത്. ഇതിൽ, 1.23 ലക്ഷം പേരാണ് അതിസമ്പന്നർ അഥവാ ഹൈ നെറ്റ്‌വർത്ത് ഇൻഡിവിജ്വൽസ് (എച്ച്.എൻ.ഐ). 2018-19ൽ ഇവരുടെ മൊത്തം പി.എഫ് നിക്ഷേപം 62,500 കോടി രൂപയായിരുന്നു. ഇതിന്മേൽ ഇവർക്ക് എട്ട് ശതമാനം പലിശ കിട്ടിയെന്ന് മാത്രമല്ല, നിക്ഷേപത്തിന്മേലുള്ള നികുതിയിളവുകളും ലഭിച്ചു. ഇതേതുക ബാങ്കിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഒടുക്കേണ്ടിയിരുന്ന പലിശവരുമാനത്തിന്മേലുള്ള ആദായനികുതിയും ഒഴിവായിക്കിട്ടി.

20 പേരും ₹825 കോടിയും

കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം പി.എഫിൽ ഒരു അതിസമ്പന്നന്റെ നിക്ഷേപം 103 കോടി രൂപയാണ്. രണ്ടാംസ്ഥാനത്തുള്ള രണ്ടുപേരുടെ നിക്ഷേപം 86 കോടി രൂപവീതം. ഏറ്റവും വലിയ 20 അതിസമ്പന്നരുടെ സംയുക്തനിക്ഷേപം 825 കോടി രൂപ വരും. മൊത്തം ഇ.പി.എഫ് അക്കൗണ്ടുകളിലെ 0.27 ശതമാനമാണ് വൻതുക ശമ്പളം പറ്റുന്നവർ. ഇവരുടെ ശരാശരി നിക്ഷേപം 5.92 കോടി രൂപയാണ്. ഇതിന്മേലുള്ള വാർഷിക പലിശ 50 ലക്ഷം രൂപയും.