raj-thackeray

ന്യൂഡൽഹി: കർഷക സമരവിഷയത്തിൽ 'കേന്ദ്രത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിലൂടെ' സച്ചിൻ ടെണ്ടുൽക്കർ, ലത മങ്കേഷ്‌കർ എന്നിവരുടെ യശസ്സ് കെടുത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് മഹാരാഷ്ട്രാ നവനിർമാൺ സേനാ തലവൻ രാജ് താക്കറെ. അവരുടെ കീർത്തി നശിപ്പിക്കുന്ന തരത്തിൽ കേന്ദ്രം പെരുമാറാൻ പാടില്ലായിരുന്നുവെന്നും വിഷയം കേന്ദ്ര സർക്കാരിനെ ബാധിക്കുന്ന കാര്യമാണെന്നും അതിനു രാജ്യവുമായി കാര്യമായ ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു.

'ഇവരെല്ലാം വലിയ വ്യക്തിത്വങ്ങളാണ്. അവരോടു ട്വീറ്റ് ചെയ്യാനും ഹാഷ്ടാഗ് ഉപയോഗിക്കാനും പറഞ്ഞതിലൂടെ കേന്ദ്ര സർക്കാർ അവരുടെ യശ്ശസിനെ അപകടത്തിലാക്കാൻ പാടില്ലായിരുന്നു. ഇത് സർക്കാരുമായി ബന്ധപ്പെട്ട വിഷയമാണ്. രാജ്യവുമായിട്ടല്ല. ചൈനയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ അപകടം നേരിടുന്നത് പോലെയല്ല ഇത്. ഇതിനായി അക്ഷയ് കുമാറിനെ പോലുള്ളവരുമായി തന്നെ കൂട്ടുകൂടുന്നതായിരുന്നു നല്ലത്. സച്ചിൻ ടെണ്ടുൽക്കറും ലത മങ്കേഷ്കറും ഭാരതരത്ന ലഭിച്ചവരാണ്. അവർ നിസാരക്കാരല്ല.'- താക്കറെ പറയുന്നു.

ഇക്കാരണം ഒന്നുകൊണ്ട് മാത്രം സച്ചിനും ലത മങ്കേഷ്‌കറും പരിഹസിക്കപ്പെടുകയും ട്രോളുകൾ നേരിടുകയുമാണെന്നും രാജ് താക്കറെ പറയുന്നു. ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണച്ച് ആഗോള തലത്തില്‍ റിഹാന, ഗ്രെറ്റ തുൻബെര്‍ഗ് എന്നിവരുൾപ്പെടെയുള്ള പ്രമുഖര്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് രാജ്യത്തെ കായിക, സിനിമാ താരങ്ങള്‍ രാജ്യത്തെയും സർക്കാരിനെയും അനുകൂലിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. ഇത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് വിമർശനം വന്നിരുന്നു.