
ചെന്നൈ: വി.കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ബംഗളുരുവിലെ റിസോർട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന ശശികല ഇന്ന് രാവിലെ 9.30ന് ചെന്നൈയിലേക്ക് പുറപ്പടും.
തിരിച്ചുവരവ് ശക്തിപ്രകടനമാക്കി മാറ്റുന്നതു തടയാൻ അണ്ണാ ഡി.എം.കെ രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ ശശികലയും അനന്തരവൻ ടി.ടി.വി. ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാർട്ടി നേതാക്കൾ ഡി.ജി.പിക്കു പരാതി നൽകി.
ചെന്നൈയിൽ 12 ഇടത്ത് ശശികല അണ്ണാ ഡി.എം.കെ പതാകയുയർത്തുമെന്നു സൂചനയുണ്ട്. ഇതു സമ്മതിക്കരുതെന്നാവശ്യപ്പെട്ടു മന്ത്രിമാർ പരാതി നൽകിയിരുന്നു. ചെന്നൈയിൽ സ്വീകരണ ഘോഷയാത്ര നടത്താൻ പൊലീസ് അനുമതി നൽകിയിട്ടില്ല. പാർട്ടിക്കുള്ളിൽ ‘ചിന്നമ്മ അനുകൂല’ സ്വരമുയരുന്നതു തടയാനായി അണ്ണാ ഡി.എം.കെ ജില്ലാ സെക്രട്ടറിമാരുടെ അടിയന്തര യോഗം വിളിച്ചു.