mial

 23.5% ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കി

മുംബയ്: മുംബയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ (മിയാൽ) 23.5 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പിനു കീഴിലെ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് (എ.എ.എച്ച്.എൽ) സ്വന്തമാക്കി. എ.സി.എസ്.എ ഗ്ളോബൽ, ബിഡ് സർവീസസ് ഡിവിഷൻ മൗറീഷ്യസ് എന്നിവയിൽ നിന്നാണ് 1,685.25 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങിയത്. മുംബയ് വിമാനത്താവളത്തിന്റെ 28.20 കോടി ഓഹരികൾ ഇതോടെ എ.എ.എച്ച്.എല്ലിന് സ്വന്തമായി.

മുംബയ് വിമാനത്താവളത്തിന്റെ നിയന്ത്രക (കൺട്രോളിംഗ്) ഓഹരികൾ സ്വന്തമാക്കുന്നതിന്റെ ആദ്യപടിയാണ് ഈ ഇടപാടെന്ന് എ.എ.എച്ച്.എൽ വ്യക്തമാക്കി. 50.50 ശതമാനം ഓഹരി പങ്കാളിത്തവുമായി നിലവിൽ ജി.വി.കെ ഗ്രൂപ്പിന്റെ കീഴിലുള്ള ജി.വി.കെ. എ.ഡി.എല്ലാണ് മുംബയ് വിമാനത്താവളത്തിന്റെ നിയന്ത്രകർ. ഇവരുടെ ഓഹരികളും സ്വന്തമാക്കാൻ നേരത്തേ അദാനി ശ്രമിച്ചിരുന്നെങ്കിലും മറ്റ് നിക്ഷേപകരുടെ എതിർപ്പ് മൂലം സാധിച്ചില്ല.

പബ്ളിക്-പ്രൈവറ്റ് - പാർട്ണർഷിപ്പ് (പി.പി.പി) മോഡലിലൂടെ തിരുവനന്തപുരം, ജയ്‌പൂർ, മംഗലാപുരം, ലക്‌നൗ, അഹമ്മദാബാദ്, ഗുവഹാത്തി വിമാനത്താവളങ്ങളുടെ മാനേജ്‌മെന്റ് ചുമതല ടെൻഡറിലൂടെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിട്ടുണ്ട്.