qq

പാരിസ്: യു.കെയിൽ കണ്ടെത്തിയ കൊവിഡിന്റെ വകഭേദം ഫ്രാൻസിലും പിടിമുറുക്കുന്നതായി റിപ്പോർട്ട്. ഇത് രാജ്യത്ത് മറ്റൊരു തരംഗം സൃഷ്ടിക്കുമെന്നും വിദഗ്ദർ അറിയിച്ചു. ഇതോടെ രാജ്യം വീണ്ടും ലോക്ക് ഡൗണിലേക്ക് പോകാനുള്ള ശ്രമത്തിലാണെന്ന് മാദ്ധ്യമങ്ങൾ പറയുന്നു. പുതിയ വകഭേദം രാജ്യത്ത് പിടിമുറുക്കിയതോടെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാവിലെ 6 മുതൽ വൈകിട്ട് 6വരെ കർഫ്യൂ എർപ്പെടുത്തിയിരുന്നു. എന്നാൽ രോഗവ്യാപനത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇതാണ് വീണ്ടും ലോക്ക് ഡൗണിനൊരുങ്ങാൻ കാരണമെന്നാണ് വിവരം. പുതിയ വകഭേദം രാജ്യത്ത് മറ്റൊരുകുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ശാസ്ത്രസമിതി അറിയിച്ചു. യു.കെ വകഭേദം ഒരാഴ്ചയ്ക്കുള്ളിൽ 50ശതമാനം വ‌ർദ്ധനവാണ് ഉണ്ടാക്കിയിരുക്കുന്നത്. മാർച്ച് ആദ്യത്തോടെ രോഗം കൂടുതൽ വ്യാപിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ രാജ്യത്തേക്ക് കടക്കുന്ന യാത്രക്കാർക്ക് കൊവിഡ് പരിശോധന ക‌ർശനമാക്കിയിരിക്കുകയാണ്.

അതേസമയം, പ്രായമായവരിൽ കൊവിഡ് വൈറസ് പടരുന്നുണ്ടെന്നും ഇവർ ചികിത്സയ്ക്ക് ആശുപത്രിയുടെ സേവനം തേടാതെ സ്വയം വീടുകളിൽ ചികിത്സ നടത്തുന്നതും ആശങ്കയ്ക്ക് വകവയ്ക്കുന്നുണ്ടെന്നും രാജ്യത്തെ കൊവിഡ് രോഗികളുടെ ഔദ്യോഗിക കണക്കുകളെ ഇത് ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ യു.കെയിൽ വൈറസ് വ്യാപനം കുറഞ്ഞുവരുന്നുണ്ടെങ്കിലും രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾക്കിടയിൽ ഈ കണക്ക് ബാധകമാകുന്നില്ലെന്നാണ് പഠനം. ഇത്തരത്തിൽ ദരിദ്രവിഭാഗത്തെ തഴയുന്നത് ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള സ‌‌ർക്കാരിന്റെ കഴിവില്ലായ്മയായാണ് കാണിക്കുന്നതെന്നു രാജ്യം താഴേത്തട്ടിൽ ഉള്ളവരെ സഹായിക്കുന്നതിൽ പരാജയപ്പെട്ടെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. അണുബാധയുടെ തോത് കൂടുതലുള്ള ഈ വിഭാഗങ്ങൾ, തിരക്കുള്ള സ്ഥലങ്ങളിലും മറ്റ് ഉന്നതരുടെ ഇടയിലും സംബർഗം പുലർത്തുന്നത് അപകടത്തിന്റെ തോത് വ‌ർദ്ധിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

പാകിസ്ഥാൻ സൈന്യത്തിന് ചൈനയിൽ നിന്ന് വാക്സിൻ

ചൈനയുടെ പിപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ)പാകിസ്ഥാൻ ആർമിക്ക് കൊവിഡ് പ്രതിരോധ വാക്സിൻ കൈമാറി. നിലവിൽ ചൈന ഇസ്ലാമാബാദിൽ എത്തിച്ച അഞ്ച് ലക്ഷം വാക്സിനുകൾക്ക് പുറമേയാണ് ഈ വാക്സിനുകൾ സൈന്യത്തിന് നൽകിയത്. പാകിസ്ഥാനിൽ കുത്തിവയ്പ്പ് ആരംഭിക്കാൻ ഒരുങ്ങവേയാണ് സൈന്യത്തിന് പ്രത്യേകം വാക്സിൻ അനുവദിച്ചത്. ഇതോടെ പി.എൽ.എയിൽ നിന്ന് വാക്സിൻ സഹായം ലഭിക്കുന്ന ആദ്യത്തെ വിദേശ സൈന്യമാണ് പാകിസ്ഥാൻ ആർമി. പി.എൽ.എ കംപോടിയൻ സൈന്യത്തിനും വാക്സിൻ കൈമാറി.