joshimatt

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ദുരന്തമുണ്ടായ ജോഷിമഠ്, ഹിമാലയത്തിൽ ശങ്കരാചാര്യർ സ്ഥാപിച്ച പീഠങ്ങളിൽ മുഖ്യമാണ്‌. നവംബർ മുതൽ ആറു മാസത്തോളം ചതുർധാമങ്ങളായ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ മഞ്ഞിൽ മൂടിക്കിടക്കും. ബദരിനാരായണന് (വിഷ്ണു) ഈ സമയത്ത് ജ്യോതിർമഠം എന്ന ജോഷിമഠിലായിരിക്കും പൂജാദികൾ. നാല്പതുദിവസം ജോഷി മഠിലെ തപസ്സിനു ശേഷം ശങ്കരാചാര്യർ ജ്ഞാനദൃഷ്ടി തുറന്നപ്പോഴാണ് ബദരിയും അളകനന്ദയിലെ നാരദക്കുണ്ഡിൽ വിഷ്ണുമൂർത്തിയുടെ വിഗ്രഹവും ദർശിച്ചതെന്ന് വിശ്വാസം.

ഹരിദ്വാറിൽ നിന്ന് 23 കിലോമീറ്റ‌ർ സഞ്ചരിച്ചാൽ ഋഷികേശ്. ഇവിടെ നിന്ന് ബദരീനാഥിലെത്താൻ 301 കിലോമീറ്റർ സഞ്ചരിക്കണം. ബദരീനാഥ് യാത്രയ്ക്കിടയിലാണ് തീർത്ഥാടകർ ജോഷിമഠവും സന്ദർശിക്കുന്നത്. നദീസംഗമങ്ങളെയാണ് പ്രയാഗ് എന്നു വിളിക്കുന്നത്. കേദാർനാഥിൽ നിന്നെത്തുന്ന മന്ദാകിനിയും ബദരീനാഥിനെ ദർശിച്ചെത്തുന്ന അളകനന്ദയും രുദ്രപ്രയാഗിൽ സംഗമിക്കുന്നു. രുദ്രപ്രയാഗിൽ പാത രണ്ടായി പിരിയും. ഒന്ന് അളകനന്ദയുടെ ഓരം ചേർന്ന് കർണ്ണപ്രയാഗ്, ചമോലി, ജോഷിമഠ് വഴി ബദരീനാഥിലേക്ക്. മറ്റേത് അളകനന്ദയ്ക്ക് കുറുകെയുള്ള പാലം കടന്ന് മന്ദാകിനി തീരം വഴി കേദാർനാഥിലേക്ക്.

ജോഷിമഠിൽ നിന്ന് ടിബറ്റിലേക്കും കൈലാസത്തിലേക്കും പോകാൻ രണ്ടു മാർഗമുണ്ട്. ഒന്ന്, ഉത്തരദിശ വഴി അളകനന്ദാതടത്തിലൂടെ പാണ്ഡുകേശ്വരം, ബദരീനാഥ് വഴിപോകുന്ന മാനാ പാസ്. പൂർവദിക്കിലേക്കു പോകുന്നതാണ് നീതി പാസ്. ഈ പാതയിലാണ് ഭവിഷ്യബദരി. ഇപ്പോഴത്തെ ബദരീനാഥ് ഭാവിയി‍ൽ തീർത്ഥാടകർക്ക് അപ്രാപ്യമാകുമെന്നും അപ്പോൾ ഭവിഷ്യ ബദരിയാകും അഭയകേന്ദ്രമെന്നും വിശ്വസിക്കപ്പെടുന്നു. ജോഷിമഠത്തിൽ ദർശനം നടത്തുന്നവർ ഇവിടെനിന്ന് രുദ്രാക്ഷവും സാളഗ്രാമവും കസ്തൂരിയും വാങ്ങിയാണ് മടങ്ങുക.

ബദരിയുടെ പൂർവഭാഗത്ത് അപർവതവും പശ്ചിമഭാഗത്ത് നാരായണപർവതവും ബദരീനാഥിനെ വണങ്ങിനിൽക്കുന്നു. ഈ പർവതങ്ങൾ സദാ മഞ്ഞുമൂടിക്കിടക്കും. നാരായണപർവതത്തിനു പിന്നിലാണ് 27,440 അടി ഉയരമുള്ള നീലകണ്ഠശിഖരം. ഇവിടെ നിന്നാണ് ഋഷിഗംഗ ഉത്ഭവിക്കുന്നത്. ഗംഗയുടെ പോഷകനദിയായ ഋഷിഗംഗയിലും മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് പ്രളയജലമുയർന്നിരുന്നു.