
കുവൈത്ത് സിറ്റി: ഇനിമുതൽ കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് കൊവിഡ് സമിതിയുടെ അനുമതിയോടെ മാത്രമെന്ന് അധികൃതർ. രാജ്യത്തെ മന്ത്രിമാർ ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തിയാണ് കൊവിഡ് സമിതി രൂപീകരിച്ചത്. നിലവിൽ പുതിയ വിസ അനുവദിക്കുന്നതും കാത്ത് കഴിയുന്ന നിരവധി ആളുകളാണ് രാജ്യത്തിന് പുറത്തുള്ളത്. ഇവർക്കെല്ലാം വെല്ലുവിളിയാകും ഈ തീരുമാനം. നാട്ടിൽ കുരങ്ങി രാജ്യത്ത് എത്താൻ കഴിയാതെപോയ നിരവധി പ്രവാസികളുടെ ഇഖാമ കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. ഇതിനായി 2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ള കാലയളവാണ് കണക്കാക്കുന്നത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല. കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയിൽ എൻട്രി വിസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ. അല്ലെങ്കിൽ പുതിയ വിസ അനുവദിച്ചുതുടങ്ങണം. അവധിക്ക് നാട്ടിൽപോയി വിമാന സർവിസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇവരിൽ ഏറെയും.