nelson-joseph

സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ ഇടുമ്പോഴോ നിലപാട് പരസ്യമാക്കുമ്പോഴോ പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെ വരുന്ന ഉപദേശത്തിന്റെയും മറ്റും രൂപത്തിലുള്ള സദാചാര പ്രതികരണങ്ങളെ ട്രോളി ഡോക്ടറും ഇൻഫോക്ലിനിക് സ്ഥാപകനുമായ നെൽസൺ ജോസഫ്. അതിനദ്ദേഹം വിഷയമാക്കുന്നതോ അടുത്തിടെ നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത 'ടോപ്‌ലെസ്' ചിത്രവും.

ഇത്തരത്തിൽ പോസ്റ്റുകൾ ഇടാൻ പാടില്ലെന്നും വളർന്നുവരുന്ന അടക്കവും ഒതുക്കവും ശീലിക്കേണ്ട ആൺകുട്ടികൾ ഇത് കണ്ട് വഴിതെറ്റി പോകാൻ ഇടയുണ്ടെന്നും ഡോക്ടർ 'ആശങ്കപ്പെടുന്നു'. ഒരു സ്ത്രീയുടെ ഭർത്താവായി മറ്റൊരു വീട്ടിൽ ചെന്നുകയറേണ്ട അവർക്ക് ഇത് നല്ല മാതൃകയല്ലെന്നും ഡോക്ടർ തന്റെ കുറിപ്പിലൂടെ നടനെ ഉപദേശിക്കുന്നു. അതിനാൽ എത്രയും പെട്ടെന്ന് ഷർട്ടില്ലാത്ത പടം മാറ്റി കിളികളുടെയോ പൂവിന്റെയോ പടമിടുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഡോക്ടർ പറയുന്നു.

കുറിപ്പ് ചുവടെ:

ഒരു ആൺകുട്ടിയുടെ അച്ഛനെന്ന നിലയിൽ പൃഥ്വിരാജിനോട്‌ ചിലത്‌ പറയാനുണ്ട്‌.

ഇപ്പൊഴത്തെ ചില പുതിയ ആമ്പിള്ളേരു പറയും അവരെടെ കാര്യം അവരാ തീരുമാനിക്കുന്നതെന്ന്.

അല്ല, നമ്മളങ്ങനെ അനാവശ്യമായിട്ട്‌ ആരുടേം കാര്യത്തിൽ എടപെടാറില്ല. എന്നാലും ഇങ്ങനെ ചിലത്‌ കാണുമ്പൊ പറഞ്ഞു പോവില്ലേ?

വല്ല പൂവിന്റെയോ പൂമ്പാറ്റയുടെയോ പടം പ്രൊഫൈൽ പിക്‌ ആക്കാതെ സ്വന്തം ഫോട്ടോ, അതും ഒറ്റയ്ക്കുള്ളത്‌ ഇടുന്നത്‌ പോട്ടെന്ന് വയ്ക്കാം. എന്നാലും ഇത്‌ കുറച്ച്‌ കടന്നുപോയി.

ആണുങ്ങളായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണെന്നും ഇന്നല്ലെങ്കിൽ നാളെ ഒരു പെണ്ണിന്റെ ഭർത്താവായി 'മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടതാണെന്നും ആരും പറഞ്ഞുതന്നില്ലേ?

അതോ നാലാള് അറിയപ്പെടുന്ന ഒരാളായപ്പൊ നമ്മുടെ രീതികളെയൊക്കെ മറന്നുകളഞ്ഞോ
അങ്ങനെയുള്ള ആൾക്കാരല്ലേ മറ്റുള്ളോർക്ക്‌ മാതൃക കാണിക്കേണ്ടത്‌?

രാത്രി പത്ത്‌ മണി കഴിഞ്ഞും നിങ്ങളെ ഓൺലൈനിൽ കണ്ടവരുണ്ടെന്ന് പറഞ്ഞുകേട്ടു. ഇതൊന്നും അത്ര ശരിയല്ല കേട്ടോ...

മുണ്ടും പാൻ്റും ധരിച്ച് മാന്യമായി നടക്കുന്നതിനു പകരം ഇങ്ങനെ നടക്കുകയും മോഡേൺ കളിക്കുകയും ചെയ്യുന്ന ആൺകുട്ടികളെ എല്ലാവരും മോശക്കാരായേ കാണൂ...

അച്ഛന്മാരും ആൺകുട്ടികളുമടക്കം പൊതുസമൂഹം ഇതൊക്കെ കാണുന്നുണ്ടെന്ന് ആലോചിക്കാത്തതെന്താണ്?
ഇത്‌ കണ്ട്‌ നാളെ എന്റെ വീട്ടിലെ ആൺകുട്ടി ഷർട്ടില്ലാതെ പുറത്തേക്കിറങ്ങിയാൽ?

ഇതൊക്കെ കണ്ട് നമ്മുടെ ആൺകുട്ടികൾ വഴിപിഴച്ചുപോയാൽ !!

എത്രയും പെട്ടെന്ന് ഷർട്ടില്ലാത്ത പടം മാറ്റി കിളികളുടെയോ പൂവിന്റെയോ പടമിടുമെന്ന പ്രതീക്ഷയോടെ...'