
ചിറ്റഗോംഗ് :ഡബിൾ സെഞ്ച്വറിയുമായി തിളങ്ങിയ അരങ്ങേറ്റക്കാരൻ കെയ്ൽ മയേഴ്സിന്റെ (പുറത്താകാതെ 210) ഐതിഹാസിക പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് തകർപ്പൻ ജയം. സ്കോർ: ബംഗാദേശ് 430/10, 223/8 ഡിക്ലയേർഡ്, വെസ്റ്റിൻഡീസ്: 259/10, 395/7. ബംഗ്ലാദേശ് ഉയർത്തിയ 395 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന് അഞ്ചാം ദിനമായ ഇന്നലെ 110/3 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച വെസ്റ്റിൻഡീസിനെ മയേഴ്സ് ഏറെക്കുറെ ഒറ്റയ്ക്ക് തോളിലേറ്റി വിജയ തീരത്തെത്തിക്കുകയായിരുന്നു. 310 പന്ത് നേരിട്ട് 20 ഫോറും 7 സിക്സും ഉൾപ്പെട്ടതാണ് മയേഴ്സിന്റെ റെക്കാഡ് ഇന്നിംഗ്സ്. ഒരു അരങ്ങേറ്റക്കാരന്റെ നാലാം ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന സ്കോറാണ് 28കാരനായ മയേഴ്സ് കുറിച്ചത്.അരങ്ങേറ്റത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആറാമത്തെ താരമാണ് മയേഴ്സ്. ബോണർ (86) മയേഴ്സിന് മികച്ച പിന്തുണ നൽകി.