
ഒന്നാം ടെസ്റ്റിൽ ഇന്ത്യ ഫോളോൺ ഭീഷണിയിൽ
തിളങ്ങാനായത് പന്തിനും പുജാരയ്ക്കും മാത്രം
ചെന്നൈ: ചെപ്പോക്കിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യമൂന്ന് ദിനങ്ങൾ അവസാനിക്കുമ്പോൾ കാര്യങ്ങളെല്ലാം ഇന്ത്യയ്ക്ക് പ്രതികൂലമാണ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 578/10 ന് മറുപടിയായി ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ 257 /6 എന്ന നിലയിൽ പതറുകയാണ്. നാല് വിക്കറ്റ് മാത്രം കൈയിലിരിക്കേ സന്ദർശകരുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 321 റൺസ് പിന്നിലാണ് ആതിഥേയർ. അഞ്ചാം വിക്കറ്റിൽ റിഷഭ് പന്തും (91), ചേതേശ്വർ പുജാരയും (73) നടത്തിയ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
പ്രധാന ബാറ്റ്സ്മാൻമാരെല്ലാം തിരിച്ച് കൂടാരം കയറിക്കഴിഞ്ഞ ഇന്ത്യയ്ക്ക് ഫോളോൺ ഒഴിവാക്കാൻ 121 റൺസ് കൂടി വേണം. 4 വിക്കറ്റ് നേടിയ സ്പിന്നർ ഡൊമനിക്ക് ബെസ്സും 2 വിക്കറ്റെടുത്ത ജോഫ്ര ആർച്ചറുമാണ് ഇന്ത്യൻ മുൻ നിരയെ തകർത്തത്. ഓപ്പണർ രോഹിത് ശർമ്മയെ (6) നിലയുറപ്പിക്കും മുൻപേ കീപ്പർ ജോസ് ബട്ട്ലറുടെ കൈയിൽ എത്തിച്ച് ആർച്ചർ ജംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. നന്നായി കളിച്ചു വരികയായിരുന്ന ഓപ്പണർ ശുഭ്മാൻ ഗില്ലിനേയും (29) ആർച്ചർ മടക്കിയയച്ചു. മിഡ് ഓണിൽ ആൻഡേഴ്സൺ എടുത്ത് ക്യാച്ച് മനോഹരമായിരുന്നു. പിന്നീടാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിലേക്ക് ബെസ്സ് ഇടിച്ച് കയറിയത്. നായകൻ കൊഹ്ലിയെ (11) ബെസ്സ് പോപ്പിന്റെ കൈയിൽ ഒതുക്കി. ബെസ്സിനെതിരെ ഡ്രൈവിന് ശ്രമിച്ച അജിങ്ക്യ രഹാനെയെ (1) ഷോട്ട് കവറിൽ ഉജ്ജ്വലമായി റൂട്ട് ഒറ്റക്കൈയിൽ ഒതുക്കി. 73/4 എന്ന നിലയിൽ പ്രതിസന്ധിയിലായ ഇന്ത്യയെ അവിടുന്നങ്ങോട്ട് പന്തും പുജാരയും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ലീച്ചിനെ കടന്നാക്രമിച്ച പന്ത് ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 119റൺസിന്റെ കൂട്ടുകെട്ട് ഇരുവരുംകൂടിയുണ്ടാക്കി. ഇന്ത്യ കരയറിയെന്ന് കരുതിയിരിക്കവേ ആദ്യം പുജാരയേയും പിന്നാലെ പന്തിനേയും പുറത്താക്കി ബെസ്സ് ഇംഗ്ലണ്ടിന് വീണ്ടും മേൽക്കൈ നൽകുകയായിരുന്നു. 88 പന്തിൽ 9 ഫോറും 5 സിക്സും ഉൾപ്പെട്ടതാണ് പന്തിന്റെ ഇന്നിംഗ്സ്. 22 പന്ത് നേരിട്ട് 11 ഫോറുൾപ്പെട്ടതാണ് പുജാരയുടെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദറും (33), അശ്വിനുമാണ് (8) ക്രീസിൽ. രാവിലെ 555/8 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 578ന് ആൾഔട്ടായി.
സിറാജ് കുൽദീപിന്റെ കഴുത്തിന് പിടിക്കുന്ന വീഡിയോ വൈറൽ
ചെന്നൈ: ഒന്നാം ടെസ്റ്റിനിടെ ഇന്ത്യൻ ഡ്രസിംഗ് റൂമിൽ വച്ച് മുഹമ്മദ് സിറാജ് കുൽദീപ് യാദവിന്റെ കഴുത്തിന് പിടിക്കുന്ന വീഡിയോ വൈറലാകുന്നു.അതേ സമയം സിറാജ് ഇത് ദേഷ്യത്തിൽ ചെയ്യുന്നതാണോ തമാശയ്ക്കാണോ എന്ന വ്യക്തമല്ല. ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയെ ക്യാമറ ഫോക്കസ് ചെയ്ത സമയത്താണ് അദ്ദേഹത്തിന് പിന്നിൽ സിറാജും കുൽദീപും കയ്യാങ്കളി നടത്തുന്നത്. ഒന്നാം ദിനത്തെ കളിക്ക് ശേഷം ടീമംഗങ്ങൾ തിരിച്ചു കയറുന്നതിനിടെയാണ് സംഭവം. വാതിലിനരികിൽ നിന്ന് എല്ലാവരെയും തോളത്ത് തട്ടി സ്വാഗതം ചെയ്യുന്ന സിറാജ് കുൽദീപ് വരുമ്പോൾ അദ്ദേഹത്തിന്റെ കഴുത്തിന് പിടിച്ച് നിറുത്തി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.