
കൊച്ചി: ആഡംബരത്തിന്റെയും കരുത്തിന്റെയും പര്യായമായി ഇറ്റാലിയൻ ബ്രാൻഡ് മസെരാറ്റിയുടെ പുത്തൻ താരം ഖിബ്‌ലി ഇന്ത്യയിലെത്തി. മുൻഗാമിയിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളുള്ള എൻട്രി-ലെവൽ സെഡാനായ ഖിബ്‌ലിക്ക് എക്‌സ്‌ഷോറൂം വില 1.15 കോടി രൂപ. രൂപകല്‌പനയിൽ മാറ്റമില്ലെങ്കിലും ഫീച്ചറുകളിൽ ഒട്ടേറെ പുതുമ കാണാം. റീഡിസൈൻ ചെയ്‌ത ഫ്രണ്ട് റേഡിയേറ്റർ ഗ്രിൽ, പുതിയ ബൂമറാംഗ് ടെയ്‌ൽലൈറ്റ്, മുന്നിൽ അഡാപ്‌റ്റീവ് എൽ.ഇ.ഡി ലൈറ്റ് തുടങ്ങിയവ അവയിൽ ചിലതാണ്.
ഖിബ്‌ലിയുടെ മുൻ മോഡലിനൊപ്പം ഓപ്‌ഷണലായി ഡീസൽ പതിപ്പും ഉണ്ടായിരുന്നെങ്കിൽ 2021 മോഡലിനുള്ളത് പെട്രോൾ വേരിയന്റുകൾ മാത്രം. 430 എച്ച്.പി കരുത്തുള്ള 3.0 ലിറ്റർ വി6 എൻജിൻ, 2.0 ലിറ്റർ, 4-സിലിണ്ടർ, 48 വി മൈൽഡ് ഹൈബ്രിഡ്, 3.8 ലിറ്റർ വി8 എൻജിൻ എന്നിവയാണ് പുതിയ ഖിബ്‌ലിക്കുള്ളത്. ട്രോഫിയോ വേരിയന്റിനൊപ്പം മാത്രമാണ് വി8 എൻജിൻ വരുന്നത്. 330 എച്ച്.പി കരുത്തും 450 എൻ.എം ടോർക്കുമുള്ളതാണ് 2.0 ലിറ്റർ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ എൻജിന് 5.7 സെക്കൻഡ് ധാരാളമാണെന്ന് മസെരാറ്റി പറയുന്നു.
ഫെരാരിയിൽ നിന്ന് കടംകൊണ്ടതാണ് 3.8 ലിറ്റർ ട്വിൻടർബോ വി8 എൻജിൻ. 580 എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 730 എൻ.എം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം വെറും 4.3 സെക്കൻഡിൽ കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 326 കിലോമീറ്റർ. 430 എച്ച്.പി കരുത്തും 580 എൻ.എം ടോർക്കുമുള്ളതാണ് വി6 എൻജിൻ.
അകത്തളത്തിലെ പ്രധാന മാറ്റം പഴയ 8.2 ഇഞ്ച് പാനലിന് പകരം പുതിയ 10.1 ഇഞ്ച് സ്‌ക്രീൻ ഇടംപിടിച്ചതാണ്. അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്‌റ്റന്റ് സിസ്‌റ്റം (എ.ഡി.എ.എസ്), കീലെസ് എൻട്രി, സോഫ്‌റ്റ് ക്ലോസ് ഡോറുകൾ, സ്‌കൈ ഹുക്ക് സസ്‌പെൻഷനുകൾ, മസെരാറ്റി കണക്‌ട് ടെക്‌നോളജി എന്നിങ്ങനെ ധാരാളം ഫീച്ചറുകളാലും സമ്പന്നമാണ് ഖിബ്‌ലി.