
ഡെറാഡൂൺ: ഉത്തരഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ ഇതുവരെ 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി സംസ്ഥാന സർക്കാർ അറിയിച്ചു.170 പേരെ കാണാതായിട്ടുണ്ട്. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വൻദുരന്തമുണ്ടായത്. 150 പേർ വരെ മരിച്ചതായി സംശയിക്കുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി വ്യക്തമാക്കി. തപോവൻ ജലവൈദ്യുതി നിലയം ഒലിച്ചുപോയി. എൻ.ടി.പി.സിയുടെ സൈറ്റിൽ ജോലി ചെയ്തിരുന്നവരാണു ദുരന്തത്തിന് ഇരയായവരിൽ ഏറെയും.
മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും നൽകും. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപ കൈമാറും. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ശാസ്ത്രസംഘം സ്ഥലം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ അകപ്പെട്ട 16 പേരെ ഐ.ടി.ബി.പി സംഘം രക്ഷിച്ചു.
രക്ഷാപ്രവർത്തനത്തിനു കര, വ്യോമസേനകൾ രംഗത്തുണ്ട്. 2013ലെ പ്രകൃതിദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാദൗത്യം. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിലയിരുത്തി. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവൻ പ്രാർഥനയിലാണെന്നും അറിയിച്ചു.