
മലപ്പുറം : മാറഞ്ചേരി സ്കൂളിന് പിന്നാലെ മലപ്പുറം പെരുമ്പടപ്പ് വന്നേരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു. വന്നേരി ജി.എച്ച്.എസ്.എസിലെ 53 വിദ്യാർത്ഥികൾക്കും 33 അദ്ധ്യാപകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിലെ  അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധന. മുഴുവൻ അദ്ധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു . മൊത്തം 86 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വന്നേരി സ്കൂൾ അടച്ചു
മാറഞ്ചേരി സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിക്ക് പോസിറ്റീവ് ആയതിനെ തുടർന്ന് സ്കൂളിൽ നടത്തിയ ആർ. ടി.പി.സി.ആർ പരിശോധനയിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് . 148 വിദ്യാർത്ഥികൾക്കും 39 അദ്ധ്യാപക- അനദ്ധ്യാപകർക്കുമാണ് രോഗം ബാധിച്ചത്.. വെള്ളിയാഴ്ച നടത്തിയ ടെസ്റ്റിന്റെ ഫലം ഞായറാഴ്ചയാണ് പുറത്തുവന്നത് . എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന 590 വിദ്യാർത്ഥികൾക്കാണ് പരിശോധന നടത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പഠിക്കുന്ന 348 വിദ്യാർത്ഥികളെ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും.
മാറഞ്ചേരി സ്കൂളും അടയ്ക്കാനാണ് ആലോചന.
രോഗബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ളവരെ ഉടൻ പരിശോധനയ്ക്ക് വിധേയരാക്കും. അദ്ധ്യാപകരിൽ പലരും അയൽ ജില്ലകളിൽ നിന്നുള്ളവരാണ് . വരും ദിവസങ്ങളിൽ മേഖലയിൽ കനത്ത ജാഗ്രത ഏർപ്പെടുത്താനാണ് നീക്കം.