കൊച്ചി: പ്രധാനമന്ത്രി മോദി ഇന്ത്യയെ കാർന്നു തിന്നുന്ന പുഴുവെന്ന് നടിയും ഡബ്‌ള്യു സി സി അംഗവുമായ രേവതി സമ്പത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇവർ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രൂപത്തിലുള്ള ഒരു ഇല ഭക്ഷിക്കുന്ന പുഴുവിന്റെ ചിത്രമാണ് രേവതി സമ്പത്ത് ഫേസ്ബുക്കിലിട്ടത്.
പുഴുവിന്റെ തലയുടെ ഭാഗത്ത് പ്രധാനമന്ത്രിയുടെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തിരിക്കുന്നതായാണ് ചിത്രത്തിൽ കാണുന്നത്. 'ഇന്ത്യയെ കാർന്നു തിന്നുന്ന ഒരു പുഴുവിനെ കണ്ടു കിട്ടി' എന്നും ഇവർ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. രേവതിയുടെ ഈ പോസ്റ്റിനെ അനുകൂലിച്ചും പോസ്റ്റിനെ രൂക്ഷമായി വിമർശിച്ചും നിരവധി പേർ കമന്റ് ബോക്സിൽ എത്തുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് രേവതി സമ്പത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുടെ സമയത്താണ് രേവതി ഫേസ്ബുക്ക് തന്റെ പിന്തുണ അറിയിച്ചത്.
കർഷക സമരം ഇന്ത്യയെ മതേതര, ജനാധിപത്യ, റിപബ്ലിക്കായി നിലനിറുത്താനുള്ള രാജ്യസ്നേഹികളുടെ പോരാട്ടം തന്നെയാണെന്നാണ് അവർ അന്ന് പറഞ്ഞത്. ശേഷം കർഷക സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്ത അമേരിക്കൻ പോപ്പ് ഗായിക റിഹാനയെ പിന്തുണച്ചുകൊണ്ടും അവർ രംഗത്ത് വന്നിരുന്നു.