uttarakhand

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 170 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് റിപ്പോർട്ടുകൾ. ആകെ മരിച്ചവരുടെ എണ്ണം പതിനാലായി. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സംഘങ്ങൾ ഇന്നെത്തും.

മണ്ണും ചെളിയും നീക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ സ്ഥലത്തെത്തിച്ചു. രണ്ടര കിലോമീറ്റർ നീളമുള്ള തുരങ്കം മൂടിപ്പോയി. തുരങ്കത്തിൽ മുപ്പതുപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അണക്കെട്ടിലെ രണ്ടാമത്തെ sണലിൽ രാത്രി വൈകിയും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ജലനിരപ്പ് ഉയർന്നതിനാൽ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.അപകടത്തിൽപ്പെട്ടവരിൽ ഏറെയും അളകനന്ദ,ദൗലിഗംഗ പുഴയോര നിവാസികളാണ്.

അതേസമയം രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായം നൽകാൻ തയ്യാറാണെന്ന് ഐക്യരാഷ്‌ട്ര സഭ അറിയിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നൽകും. രണ്ടു ലക്ഷം രൂപ വീതം കേന്ദ്ര സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് വലിയ ദുരന്തമാണ് നേരിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‌ഞ്ഞു. സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലെത്തും.