iffk

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയുടെ ഇരുപത്തിയഞ്ചാം പതിപ്പിന് തുടക്കമാകുമ്പോൾ ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയാകുന്നു. ഓരോ മേളയുടെ ഉദ്ഘാടന ചടങ്ങിലും സർക്കാർ ആവർത്തിച്ചു പറയുന്ന ചലച്ചിത്രോത്സവ കോംപ്ളക്സ് എവിടെ? ചർച്ചകളും സ്ഥലം കണ്ടെത്തുന്നതിലുള്ള ആശയക്കുഴപ്പവും തുടരുന്നതല്ലാതെ ഇത്രയും കാലമായിട്ടും ഒരു തീർപ്പുണ്ടായിട്ടില്ല.

ഡോ.ബാബുപോൾ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ടായിരുന്നു. കാര്യപ്രാപ്തിയും ഇച്ഛാശക്തിയുമുള്ള ഒരു സെക്രട്ടറിയുണ്ടെങ്കിൽ സർക്കാരിന് ആഗ്രഹമുള്ള കാര്യങ്ങൾ പുഷ്പം പോലെ പ്രാവർത്തികമാക്കാനാകുമെന്ന്. അത് തെളിയിച്ചയാളായിരുന്നു ബാബുപോൾ . കാര്യപ്രാപ്തിയുള്ള ഒരു സെക്രട്ടറിയാണ് കഴിഞ്ഞ കുറേക്കാലമായി സാംസ്ക്കാരിക വകുപ്പിന്റെ അമരത്തുള്ളത്. പൊതുവെ മാറ്റമില്ലാതെ ദീർഘകാലമായി അവർ ആ പദവി വഹിച്ചുവരികയുമാണ്. ചലച്ചിത്രോത്സവ കോംപ്ളക്സിനായി മുൻകൈയ്യെടുക്കുന്നതിൽ ഒരു ജാഗ്രതക്കുറവ് ഉണ്ടായില്ലേയെന്ന് ആരെങ്കിലും ചോദിച്ചാൽ കുറ്റം പറയാനാവുമോ ? അവർ സ്വയം ആലോചിക്കേണ്ട വിഷയമാണത് . സാംസ്കാരിക വകുപ്പിന്റെ സെക്രട്ടറി മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല ഇതെന്ന് വാദിക്കാം. പക്ഷേ നിരന്തരമായി ഫോളോ അപ്പ് ചെയ്യാൻ ആളുണ്ടായാൽ എല്ലാവരും യോജിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ വലിയ പ്രയാസമൊന്നുമില്ല. തിരുവനന്തപുരത്തൊരു ഫിലിം ഫെസ്റ്റിവൽ കോംപ്ളക്സ് വേണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും തോന്നുന്നില്ല.

ഓർത്തുപോകുന്നത് ജ്ഞാനിയും കലാരസികനുമായിരുന്ന ടി.കെ.രാമകൃഷ്ണനെയാണ്. ഇന്ത്യയിലാദ്യമായി കേരളത്തിൽ ഒരു ചലച്ചിത്ര അക്കാഡമി രൂപീകരിക്കാൻ മുൻകൈയെടുത്തത് ടി.കെ സാംസ്കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരിക്കുമ്പോഴാണ്. ഒരു ദിവസം ടി.കെയുമായി സംസാരിച്ചിരിക്കുമ്പോൾ ഇതെഴുതുന്നയാളിനോട് അദ്ദേഹം ഈ ആശയം പങ്കുവെച്ചു. കേരളത്തിൽ ചലച്ചിത്ര അക്കാദമി വരുന്നുവെന്ന എക്സ്ക്ളൂസീവ് വാർത്ത അടുത്ത ദിവസം കേരളകൗമുദിയിൽ വന്നു. പശ്ചിമബംഗാളിലെ നന്ദനും രവീന്ദ്രസദനും പോലെ തിയേറ്ററുകളടങ്ങുന്ന ഒരു സാംസ്കാരിക സമുച്ചയം തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും ടി.കെയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇച്ഛാശക്തിയുള്ള മന്ത്രിയായിരുന്നു ടി.കെ. ചലച്ചിത്ര അക്കാദമി അദ്ദേഹം പ്രാവർത്തികമാക്കി. 1998 ആഗസ്റ്റ് 17 നായിരുന്നു ഉദ്ഘാടനം. മൃണാൾസെൻ ,ഗൗതംഘോഷ്, ഗിരീഷ് കാസറവള്ളി, ശബാന ആസ്മി, ബാലു മഹേന്ദ്ര തുടങ്ങിയവരെയും അടൂരടക്കമുള്ള നമ്മുടെ ചലച്ചിത്ര പ്രതിഭകളെയും സാക്ഷിയാക്കി അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. കോംപ്ളക്സ് നിർമ്മിക്കാനുള്ള സമയം ടി.കെയ്ക്ക് ലഭിക്കാതെ പോയി.

അക്കാദമിയുടെ ആദ്യ ചെയർമാനായി വന്ന വിഖ്യാത ചലച്ചിത്രകാരൻ ഷാജി.എൻ.കരുണിന്റെ നേതൃത്വം അക്കാദമിക്ക് വളരെ ഗുണം ചെയ്തു. അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നതിനുള്ള ഫിയാപ്പിന്റെ അംഗീകാരം നേടുന്നതിൽ ഷാജി നിർണായക പങ്കു വഹിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നേരത്തെ നടത്തിയ മൂന്നു ഫെസ്റ്റിവലുകളുടെ കണക്കുകൂടി ചേർത്ത് 1999 ൽ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനാണ് അക്കാദമി തുടക്കമിട്ടത്. ഇപ്പോൾ ഇരുപത്തിയഞ്ചെന്ന കണക്ക് അങ്ങനെ വന്നതാണ്. പിന്നീട് അടൂരിനെപ്പോലെ അന്താരാഷ്ട്ര പ്രതിച്ഛായയുള്ള വ്യക്തി ചെയർമാനായി.അതോടെ അക്കാദമിയുടെ കീർത്തി വ്യാപിച്ചു.പിന്നീട് വന്ന ചെയർമാൻമാരായ ടി.കെ.രാജീവ്കുമാറും രാജീവ്നാഥും കെ.ആർ.മോഹനനും, പ്രിയദർശനും കമലും എല്ലാവരും അക്കാദമിയുടെ വളർച്ചയിൽ അവരവരുടേതായ സംഭാവനകൾ നൽകിയിട്ടുള്ളവരാണ്. ഈ കാലയളവിൽ പലപ്പോഴും ആർട്ടിസ്റ്റിക് ഡയറക്ടറുടെ പദവി വഹിച്ച ബീനാ പോൾ ചലച്ചിത്രോത്സവങ്ങൾ നടത്തുന്നതിൽ ഇന്നും നെടുംതൂണായി പ്രവർത്തിച്ചുവരുന്നുവെന്ന കാര്യം ആർക്കും വിസ്മരിക്കാനാവുകയില്ല.

ചിത്രലേഖയും ചലച്ചിത്രയും സൂര്യയും തുടക്കമിട്ട ചലച്ചിത്ര അവബോധം കേരളമാകെ വളർത്തിയെടുക്കുന്നതിൽ ഐ.എഫ്.എഫ്.കെയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനായി. ഇപ്പോൾ അന്തർദേശീയ അംഗീകാരങ്ങൾ വാരിക്കൂട്ടുന്ന സജിൻബാബു, വി.സി.അഭിലാഷ് തുടങ്ങി ഭാവിയുടെ പ്രതീക്ഷയാകുന്ന അനവധി സംവിധായകർ ഈ ചലച്ചിത്ര മേളയുടെ സൃഷ്ടിയാണ്.

തിരിഞ്ഞു നോക്കുമ്പോൾ എ.കെ.ബാലനടക്കം ഈ കാലയളവിൽ സാംസ്കാരിക വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിമാരൊക്കെ പ്രഗത്ഭർ തന്നെയാണ്.പക്ഷേ ,ചലച്ചിത്രോത്സവ കോംപ്ളക്സ് വെറും സങ്കല്പമായി തുടരുന്നു.തലസ്ഥാന നഗരത്തിൽ ടാഗോർ വളപ്പിലും , നിശാഗന്ധിക്കു പിറകിലുമൊക്കെ സ്ഥലമുണ്ട്. കിഫ്ബി ഫണ്ട് വകയിരുത്തിയിട്ടുമുണ്ട്. കിൻഫ്രയിലേക്കും തിരുവല്ലത്തേക്കും പോകാതെ നഗരത്തിൽ എവിടെയെങ്കിലും ചലച്ചിത്രോത്സവ കോംപ്ളക്സ് സ്ഥാപിക്കാനുള്ള നടപടിക്ക് ഈ ഇരുപത്തിയഞ്ചാം ഫെസ്റ്റിവലിലെങ്കിലും തുടക്കം കുറിക്കണം സർ . വെറും പ്രഖാപനത്തിലൊതുങ്ങാതെ. അത് ചെയ്യണം. ഇപ്പോൾ ഒരു കാര്യം കൂടി പറയാതിരിക്കാൻ കഴിയില്ല. മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയേലിന്റെ പ്രതിമ സർക്കാർ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞിട്ട് അതിനുള്ള പ്രാരംഭ നടപടിപോലും തുടങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്. എല്ലാം ഇപ്പോ..ശര്യാക്കിത്തരാം എന്നു പറഞ്ഞാൽ മാത്രം മതിയോ? ഫെസ്റ്റിവൽ കോംപ്ളക്സ് നിർമ്മിച്ച് അതിന്റെ മുന്നിൽ ' ഡാനിയേൽ പിതാവിന്റെ ' പ്രതിമ കൂടി വച്ചാൽ എല്ലാം ശരിയാകില്ലേ..?