
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുപ്പതോളം സീറ്റുകളെന്ന നീക്കത്തിൽ നിന്ന് മുസ്ലീം ലീഗ് പിന്മാറുന്നതായി സൂചന. അധികം സീറ്റുകളുടെ കാര്യത്തിൽ ബലം പിടിക്കേണ്ടയെന്നാണ് ലീഗ് നിലപാട്. മറ്റ് പാർട്ടികളുടെ വിലപേശൽ കുറയ്‌ക്കാനുളള തന്ത്രം കൂടിയാണിതെന്നാണ് വിലയിരുത്തൽ. ഇത്തവണ കോൺഗ്രസ് കൂടുതൽ സീറ്റിൽ മത്സരിച്ച് ജയിക്കട്ടെ എന്ന നിലപാടാണ് ലീഗിന്. ലീഗ് കോൺഗ്രസ് ബന്ധത്തിനെതിരെ സി പി എമ്മിന്റെ പ്രചാരണം കടുക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ ആറ് സീറ്റുകളാണ് ലീഗ് അധികമായി ആവശ്യപ്പെട്ടത്. എന്നാൽ കോൺഗ്രസ് കൂടുതൽ നൽകാമെന്ന് പറഞ്ഞത് രണ്ട് സീറ്റ് മാത്രമാണ്. നിലവിൽ ആറ് സീറ്റ് എന്ന ആവശ്യത്തിൽ അധികം കടുപ്പിക്കേണ്ടെന്നാണ് ലീഗിന്റെ തീരുമാനം. ഇടതുപ്രചാരണം തുടരുന്ന സാഹചര്യത്തിൽ അത് കോൺഗ്രസിനെ ദുർബലമാക്കുമെന്നാണ് ലീഗ് കണക്കുകൂട്ടൽ. ഇക്കാര്യം കോൺഗ്രസ്-ലീഗ് നേതാക്കൾ തമ്മിൽ ഇതിനോടകം ആശയവിനിമയം നടത്തിയിട്ടുണ്ട്.
സംഘടനാപരമായി ദൗർബല്യം നേരിടുന്ന കോൺഗ്രസിനെ ജയിപ്പിക്കാനാണ് ലീഗിന്റെ ഇത്തവണത്തെ ശ്രമം മുഴുവൻ. ഉമ്മൻ ചാണ്ടി തിരിച്ചെത്തിയതോടെ ലീഗ് നേതൃത്വം ആവേശത്തിലാണ്. ഉമ്മൻ ചാണ്ടി തിരിച്ചുവന്നത് ലീഗുമായുളള സീറ്റ് വിഭജന ചർച്ചയും എളുപ്പത്തിലാക്കിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ ചേലക്കരയും ഇരവിപുരവും അധിക സീറ്റായി നൽകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പോരെന്ന് പറഞ്ഞതിനെ തുടർന്ന് കൂത്തുപറമ്പ് കൂടി നൽകാനാണ് സാദ്ധ്യത. കൂത്തുപറമ്പിൽ കെ കെ ശൈലജയ്‌ക്കെതിരെ ലീഗ് മത്സരിക്കുമോ എന്ന് മാത്രമാണ് ഇനി അറിയാനുളളത്.
ലീഗിൽ നിന്ന് ഗുരുവായൂർ പോലുളള ചില സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഒത്തുതീർപ്പ് ഫോർമുല ഒരുങ്ങിയിട്ടുണ്ടെന്നാണ് വിവരം. ഗുരുവായൂരിന് പകരം തവനൂരോ മത്സരസാദ്ധ്യതയുളള മറ്റേതെങ്കിലും സീറ്റോ പകരം നൽകണമെന്നാണ് ലീഗിന്റെ ആവശ്യം. രണ്ട് സീറ്റ് കിട്ടിയാൽ പോലും കൂടുതൽ കടുപ്പിക്കേണ്ടെന്നാണ് ലീഗ് തീരുമാനം.
അഴീക്കോടിന് പകരം കണ്ണൂരും ബാലുശ്ശേരിക്ക് പകരം കുന്ദമംഗലവും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. കുന്ദമംഗലം വിട്ടുകൊടുക്കാൻ കോൺഗ്രസ് തയ്യാറാണ്. തിരുവമ്പാടി കൈവിട്ടൊരു കളിയില്ലെന്ന് ലീഗ് നിലപാടെടുത്തു. അതേസമയം, ഈ സീറ്റ് ജോസഫ് പക്ഷവുമായി വച്ചുമാറുമോ എന്ന് ലീഗ് വ്യക്തമാക്കിയിട്ടില്ല. ലീഗ് മത്സരിച്ചിരുന്ന കുന്ദമംഗലം കഴിഞ്ഞ തവണ കോൺഗ്രസ് ഏറ്റെടുത്തിരുന്നു. പകരം ബാലുശ്ശേരിയാണ് നൽകിയത്. രണ്ടിടത്തും യു ഡി എഫ് തോറ്റു. ഇത്തവണ ആ പരീക്ഷണം വേണ്ടെന്ന് ലീഗ് പറയുന്നു. ജനതാദൾ മത്സരിച്ച വടകരയും കേരള കോൺഗ്രസ് മത്സരിച്ച പേരാമ്പ്രയും കൂടി കോഴിക്കോട് ജില്ലയിൽ ലീഗ് ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വടകരയിൽ ആർ എം പി കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചാൽ ലീഗ് ആ സീറ്റിനായി വാദിക്കില്ല.
പി കെ ഫിറോസും സി കെ സുബൈറും നജീബ് കാന്തപുരവും അടക്കമുളള യൂത്ത് ലീഗിന്റെ മുൻനിര പോരാളികളെയും ഇത്തവണ ഇറക്കും. കേരള കോൺഗ്രസിന്റെ സീറ്റ് നിശ്ചയിച്ച ശേഷമേ ബാക്കിയുളളവരുടെ സീറ്റ് വിഭജനം പൂർത്തിയാക്കൂ. ജോസഫിന് ഒമ്പത് സീറ്റിൽ കൂടുതൽ നൽകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ പതിമൂന്ന് സീറ്റിൽ ഉറച്ചുനിൽക്കുകയാണ് ജോസഫ് വിഭാഗം.