nsg

താരങ്ങൾ ഉൾപ്പടെ പലരുടേയും മേക്കോവറുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ ഒരു ടിപ്പർ ലോറിയുടെ മേക്കോവർ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന 'മിഷൻ ഇ' എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു ലോറി മേക്കോവർ ചെയ്തത്.

ടിപ്പർ ലോറി ഒരു എൻ എസ് എജി വാഹനമാക്കിയിരിക്കുകയാണ്. ഇരുപത്തഞ്ചു വർഷത്തിലേറെയായി കലാസംവിധാന രംഗത്ത് പ്രവർത്തിക്കുന്ന സഹസ് ബാലയാണ് ഈ ആശയത്തിന് പിന്നിൽ. നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിലൂടെയാണ് സഹസ് ബാല കലാസംവിധായക രംഗത്തേയ്ക്ക് കാലെടുത്തുവയ്ക്കുന്നത്. ടിപ്പർ ലോറിയുടെ മേക്കോവറിനെക്കുറിച്ച് സഹസ് ബാല മനസുതുറക്കുന്നു.


'മിഷൻ ഇ' യുടെ ചിത്രീകരണം രാമക്കൽ മേട്ടിലാണ് പ്ലാൻ ചെയ്തത്. കലാസംവിധായകനായി നിയമിച്ചത് എന്നെ ആയിരുന്നുവെങ്കിലും ലൊക്കേഷനിലേക്ക് രണ്ടോ മൂന്നോ അസിസ്റ്റന്റ്‌സിനെ അയച്ചാൽ മതിയെന്ന് സംവിധായകൻ പറഞ്ഞിരുന്നു. സിനിമയുടെ ബഡ്ജറ്റ് ചെറുതായതുകൊണ്ടും, കലാസംവിധാനത്തിന് വലിയ ജോലികൾ ഇല്ലാത്തതുകൊണ്ടുമാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെങ്കിലും ഞാൻ രാമക്കൽ മേട്ടിലെത്തി.

ഈ സിനിമയിൽ ഒരു പ്രധാന ജോലി എന്നുപറയുന്നത് ആർമിയിൽ മാത്രമുള്ള എൻഎസ്ജി വണ്ടിയാണ്. എൻഎസ്ജി എന്നാൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് എന്നാണ്. അത് ഡൽഹിയിൽ മാത്രമാണുള്ളത്. പരിചയങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ചാൽ മാത്രമേ എൻ എസ്ജി വാഗൺ രാമക്കൽമേട്ടിൽ കൊണ്ടുവരാൻ കഴിയും. എന്നാൽ ലക്ഷങ്ങൾ ചിലവ് വരും. ചിത്രത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റിംഗ് ബഡ്ജറ്റ് ഒരു കോടിയും. ഈ സാഹചര്യത്തിലാണ് എൻഎസ്ജി വണ്ടി എങ്ങനെ ഉപയോഗിക്കാൻ പറ്റുമെന്നതിനെപ്പറ്റി ആലോചിക്കുന്നത്.

വാഹനം ഒഴിവാക്കുന്നതിനെക്കുറിച്ച് സംവിധായകൻ ആലോചിച്ചു. എന്നാൽ എത്ര കഷ്ടപ്പെട്ടും ഈ പ്രശ്‌നം പരിഹരിക്കണമെന്ന് തോന്നി. നിർമ്മാണ രംഗത്തെ നവാഗതനായ ഷാജിയുടെ നാൽപ്പതോളം ടിപ്പർ ലോറികളിലൊരെണ്ണം താൽക്കാലികമായി തന്നാൽ എൻഎസ്ജി വാഹനം റെഡിയാക്കാം എന്ന് ഞാൻ സംവിധായകനോട് പറഞ്ഞു. അത് റിസ്‌കും അമച്വർ സെറ്റപ്പുമായിരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്മാറാൻ ഞാൻ ഒരുക്കമായിരുന്നില്ല. കുറഞ്ഞ ചിലവിൽ ഈ വാഹനം 'മേക്ക് ഓവർ' ചെയ്ത് മാറിയെടുക്കാമെന്ന് ഉറപ്പുകൊടുത്തു. രാമക്കൽ മേട്ടിൽ തന്നെയുള്ള ഒരു ലോക്കൽ വർക്ക് ഷോപ്പുകാരുമായി കാര്യങ്ങൾ സംസാരിച്ച് അവർ ചെയ്തുതരാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

അങ്ങനെ ഞാനും അസിസ്റ്റന്റ്‌സ് ആയ സജി സെബാസ്റ്റ്യനും അരുണും ചേർന്ന് നാലുദിവസം കൊണ്ട് എൻഎസ്ജി വാഗൺ റെഡിയാക്കി. ഒരു ബസും എൻഎസ്ജി വാഹനവും ഒരുമിച്ചുള്ള ഒരു ചേസിം സീനാണ് സിനിമയിലുള്ളത്. ബസിലുള്ള ഭീകരനെ പിടികൂടാനായി എൻഎസ്ജി വണ്ടി പിന്നാലെ പായുന്നതാണ് രംഗം.

മൂന്നാറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്ത പുതിയ ഒരു ഹൈവേയുണ്ട്. ആ റോഡിൽ ചിത്രീകരണം ചെയ്യാനുള്ള അനുവാദം വാങ്ങിയശേഷം അവിടെയാണ് ചിത്രീകരിച്ചത്. മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾക്കും രാമക്കൽ മേട് നിവാസികൾക്കും ഈ വാഹനം ഒരു കൗതുകമായി മാറിയിരിക്കുന്നു. ആർമിയിൽ മാത്രമുള്ള ഈ വണ്ടി ഇവിടെയുള്ളവർക്ക് ഒരു പുതുമ തന്നെയായിരുന്നു. പലരും വാഹനത്തിനൊപ്പം നിന്ന് സെൽഫിയെടുത്തു. ചിത്രീകരണം അവസാനിച്ചപ്പോൾ ഷാജിക്കും വിനോദിനും ഈ വണ്ടി പൊളിക്കാൻ താൽപര്യമില്ലായിരുന്നു. ഒരു കാഴ്ച വസ്തുവാക്കി മാറ്റിയാലോ എന്നായി അവരുടെ ചിന്ത. എന്നാൽ പിന്നീട് പൊളിക്കാൻ തീരുമാനിക്കുകയായിരുന്നു.'-അദ്ദേഹം പറഞ്ഞു.