
ഉന്നതവിദ്യാഭ്യാസ- നൈപുണ്യ മേഖലയ്ക്ക് സംസ്ഥാന ബഡ്ജറ്റിൽ ഏറെ ഊന്നൽ ലഭിച്ചിരിക്കുന്നു. വ്യവസായ ഉന്നമനത്തിലെ പിന്നാക്കാവസ്ഥയും അഭ്യസ്തവിദ്യരുടെ തൊഴിൽ വൈവിദ്ധ്യത്തിലെ കുറവും സർവകലാശാലകളുടെ ഉള്ളടക്ക-പശ്ചാത്തല സൗകര്യ മരവിപ്പും നൈപുണ്യ ദൗർബല്യവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഗാഢമായപ്രശ്നങ്ങളാണ്. സർക്കാരിന്റെ ധനസഹായവും 'അസാപ്' മാതൃകയിലുള്ള വികസനവുംകൊണ്ട് മാത്രം കേരളത്തെ ഈ സമസ്യയിൽ നിന്ന് രക്ഷിക്കാനാകില്ല. ഉന്നത വിദ്യാഭ്യാസമേഖലയുടെ പ്രകടനം സമഗ്രമായി മാറാൻ മൗലികമായ പുനഃസംഘടന ആവശ്യമാണ്.
ഒരു ജനാധിപത്യ വ്യവസ്ഥയിൽ വേണ്ട ജനകീയ പങ്കാളിത്തം ഉറപ്പിക്കുന്നതോടൊപ്പം ദർശനത്തിന്റെയും പ്രത്യുത്‌പ്പന്നമതിത്വത്തിന്റെയും അഭിവൃദ്ധിയുടെയും പടവുകൾ സർവകലാശാലകൾ തലമുറകൾക്ക് സമ്മാനിക്കേണ്ടിയിരിക്കുന്നു. തലമുറകളെ ധൈഷണികതയിലും ജീവിത വിജയത്തിലും എത്തിക്കുന്ന വൈജ്ഞാനിക സ്ഥാപനങ്ങളായ സർവകലാശാലകൾ 25,000 വിദ്യാർത്ഥികൾക്ക് കുറഞ്ഞത് ഒന്ന് എന്ന അനുപാതത്തിൽ ലഭ്യമാക്കണം. സർവകലാശാല നേരിട്ട് കണ്ടിട്ടില്ലാത്ത വിദ്യാർത്ഥികളെ ‘എൻറോൾ’ ചെയ്യുന്ന ഒരു അഫിലിയേറ്റിങ് ഓഫീസ് എന്ന നില മാറി സർവകലാശാല സമുച്ചയത്തെ കുറഞ്ഞത് 25,000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമായി പുനഃ:ക്രമീകരിക്കണം. ഇങ്ങനെ നോക്കിയാൽ കേരളത്തിൽ ഇന്നുള്ള പതിനാറിന്റെ സ്ഥാനത്ത് അടുത്ത വർഷം കൊണ്ട് 50 സർവകലാശാലകളെങ്കിലും വേണം.
ഒരു ജില്ലയ്ക്ക് ആശുപത്രിയും സ്‌കൂളും വ്യവസായവും ഫ്ളൈ ഓവറും റോഡുമൊക്കെ പോലെ ഉന്നത-തൊഴിൽ നൈപുണ്യസങ്കേതവും അത്യാവശ്യമാണെന്ന് കണ്ടാൽ കുറഞ്ഞത് രണ്ട് സർവകലാശാലകൾ എന്ന തോതിൽ അവസരമൊരുക്കണം. ഇന്ന് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പൊതു-മാനേജ്‌മെന്റ് (എയ്ഡഡ്), മാനേജ്‌മെന്റ് (സ്വാശ്രയ) കോളേജുകളെയെല്ലാം താത്‌പര്യത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലയുടെ അവിഭാജ്യ ഘടകമാക്കണം (Constituent Colleges). ഇത് കൃത്യമായ ഒരു വിശകലനത്തിലുടെ അദ്ധ്യാപക- സൗകര്യ മികവും താത്‌പര്യവും പരിഗണിച്ച് മതി. ഇങ്ങനെ പൊതു-സ്വകാര്യ മൂലധന പശ്ചാത്തല കേന്ദ്രീകരണത്തിലൂടെ സൃഷ്ടിച്ച ജില്ലാതല സർവകലാശാലകൾ പ്രൊഫഷണൽ വിഷയങ്ങൾക്ക് സംസ്ഥാന സർവകലാശാലകളുള്ളതൊഴികെ എല്ലാ പാഠ്യപദ്ധതികളും കൈകാര്യം ചെയ്യണം. രൂപീകരിച്ചുകഴിഞ്ഞ മെഡിക്കൽ കാർഷിക (വെറ്ററിനറി, ഫിഷറീസ്) നിയമ സർവകലാശാലകളുടെ പാടേയുള്ള പൊളിച്ചെഴുത്ത് ദുഷ്കരമായതിനാൽ അത് വേണ്ടെന്നുവയ്ക്കാം. എന്നിരിക്കിലും താത്‌പര്യമുള്ള എയ്ഡഡ്, സ്വാശ്രയ സ്ഥാപന പശ്ചാത്തല ഫാക്കൽറ്റിയെ (യോഗ്യത പരിഗണിച്ച്) സർവകലാശാലയുടെ ഭാഗമാക്കുമ്പോൾ വലിയ ഒരു ഉദ്ഗ്രഥിത ജില്ലാതല മനുഷ്യ പശ്ചാത്തല വിഭവശേഷി തന്നെ രൂപീകരിക്കാനാവും. പുതുതായി ചേർക്കുന്ന സ്ഥാപനങ്ങൾക്ക് NAAC അക്രഡിറ്റേഷൻ പോലെയുള്ള കുറഞ്ഞ മാനദണ്ഡവും ആകാവുന്നതാണ്. പുതിയ ഉദ്ഗ്രഥിത സർവകലാശാല ഭൂമിയും കെട്ടിടങ്ങളും പൂർണമായി ഏറ്റെടുക്കേണ്ടതുമില്ല. ദീർഘകാല കരാറുകളിലൂടെയും സ്ഥാപനങ്ങളുടെ ഏകീകരണം ഉറപ്പിക്കാം.
മറ്റ് സർവകലാശാല പരിധിക്കു പുറത്ത് പോകുന്ന സ്വകാര്യ-പൊതു കലാലയങ്ങൾക്ക് ബിരുദതലം വരെയെങ്കിലും പൂർണ അക്കാദമിക സ്വയംഭരണം അനുവദിച്ച് അവരെ അതിനു പ്രാപ്തരാക്കണം. ഉള്ളടക്കത്തിന്റെയും പഠന ശൈലിയുടെയും വിഭവകേന്ദ്രമായി സർവകലാശാലക്ക് തന്നെ പ്രവർത്തിക്കാം. എന്നാൽ ബിരുദതലത്തിൽ യു.കെ മാതൃകയിൽ സർവകലാശാലക്കു കൂടി ബിരുദപത്രം നൽകാനാകണം. ഇത് ഉന്നത വിദ്യാഭ്യാസത്തിനും/ഗവേഷണത്തിനും മാത്രം നിർണയിച്ചാൽ മതി. സാധാരണ തൊഴിലുകൾക്കെല്ലാം (പി.എസ്.സി ഉൾപ്പെടെ) സ്വയംഭരണ കോളേജുകളുടെ പാസ് ക്രെഡിറ്റുകൾ മതിയാവുന്ന രീതിയിൽ ചട്ടം മാറ്റണം. ഇങ്ങനെ സൃഷ്ടിക്കുന്ന, പരസ്പരം സദാ ബന്ധപ്പെടാവുന്ന ഡിജിറ്റൽ സാങ്കേതികത്തികവിനാൽ ബന്ധിക്കപ്പെട്ട ‘മെറ്റാ സർവകലാശാലകൾ’ സർവകലാശാലകൾ നിലവിൽ ഇല്ലാത്ത കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഉന്നത വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രഹമാകും. മികവിന്റെ അളവിൽ മുന്നിലെത്തുന്ന എയ്ഡഡ്-സ്വാശ്രയ സ്ഥാപനങ്ങൾക്കും ഗവേഷണ-പ്രസാധന പൊതു പ്രോജക്ട് ഗ്രാന്റുകൾ യഥേഷ്ടം നൽകേണ്ടതാണ്. ഒരു വേർതിരിവും മത്സരാടിസ്ഥാനത്തിൽ നൽകപ്പെടുന്ന ഗ്രാന്റുകൾക്ക് നൽകേണ്ടതില്ല. നടത്തിപ്പുചെലവ് ഫീസായും ഗ്രാൻറായും കണ്ടെത്തേണ്ടതുണ്ട്.
പൊളിച്ചെഴുതേണ്ടി വരും
സർവകലാശാല സ്ഥാപന നിർമ്മിതിയിലെ പരമ്പരാഗത മാതൃകകളും ഇനി നമുക്ക് പൊളിച്ചെഴുതേണ്ടി വരും. മൈക്രോ സംരംഭകത്വ പ്രസ്ഥാനം (സ്റ്റാർട്ടപ്പ് എന്ന രീതിയിൽ) ഇൻക്യൂബേറ്റുകളും സ്റ്റുഡിയോകളും സ്ഥാപിച്ച് സർവകലാശാലകളിലാകെ വ്യാപിപ്പിക്കണം. നോർത്ത് കരോലീനയിലെ ‘റിസർച്ച് ട്രയാങ്കിൾ പാർക്ക്’ ഇതിനു മാതൃകയാക്കണം. പുതിയ വൈജ്ഞാനിക സംരംഭങ്ങൾക്ക് ‘പ്ലഗ് ആൻഡ് പോ’ തൊഴിലിടം ഏതാണ്ട് ടെക്‌നോപാർക്ക് മാതൃകയിൽ അവിടത്തെ സർവകലാശാല ഒരുക്കിയിരിക്കുന്നത് മാതൃകാപരമായാണ്. നമ്മുടെ ടെക്‌നോപാർക്കുകൾ സത്യത്തിൽ സർവകലാശാല ക്യാംപസുകൾക്കുള്ളിൽ ഉണ്ടായിരുന്നെങ്കിൽ തൊഴിൽ മനോഭാവങ്ങൾ ഏറെ മാറിയേനെ. സ്ഥാപന-ഉള്ളടക്ക ദാർഢ്യം വരുത്താൻ ഇന്ത്യയിലെ മികച്ച നൂറ് സർവകലാശാലകളുമായും ഇന്ത്യയിലെ മികച്ച അൻപത് സ്ഥാപനങ്ങളുമായും ജൈവ ബന്ധങ്ങൾ രൂപീകരിക്കേണ്ടതാണ്. ഇതിനുള്ള ഭരണ-നയ സ്വാതന്ത്ര്യവും ഭരണപരമായ അധികാരവും സർവകലാശാലകൾക്ക് പുതിയ സർവകലാശാലാ നിയമത്തിൽ നൽകണം. പൊതു-സ്വകാര്യ സർവകലാശാലാ-വ്യത്യാസം നിസാരമാക്കുന്ന, പൊതുമുതലും സ്വകാര്യ മൂലധനവും ഉള്ളടക്കവും പശ്ചാത്തലവും പരിസ്ഥിതിയും വളർച്ചയും മെച്ചപ്പെടുത്തുന്ന ഒരു ഹൈബ്രിഡ് മാതൃകയാണ് നമ്മൾ വികസിപ്പിക്കേണ്ടത്.
ചൊട്ടു ചികിത്സകൾക്കപ്പുറമാണ് ഇന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം. ഇന്ന് വിദൂരപഠനം അഥവാ ഡിജിറ്റൽ പഠനത്തിന് ഒരു പ്രത്യേക സർവകലാശാല എന്ന ആശയത്തിന് പരിമിതികൾ ഏറെയാണ്. പഠനം ഏറെയും ഡിജിറ്റൽ മോഡിൽ പഠിതാവിന്റെ മുന്നിലെത്തിക്കാൻ എല്ലാ സ്ഥാപനവും മത്സരിക്കുമ്പോൾ ഒറ്റ പഠന മാദ്ധ്യമം/സങ്കേതം/ഒറ്റ വിതരണ മാതൃക ആശ്രയിച്ചുള്ള സർവകലാശാലകൾക്കു പ്രസക്തിയില്ല. ഉദ്ഗ്രഥിത സമ്പൂർണ സർവകലാശാലകൾ കുറഞ്ഞത് മുപ്പത് എണ്ണം രൂപീകരിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗം രൂപീകരിക്കാനുള്ള മാസ്റ്റർ പ്ലാനാണ് നമുക്ക് വേണ്ടത്.
[അഭിപ്രായം വ്യക്തിപരം]