cpm-letter

കൊച്ചി: കാലടി സർവകലാശാലയിൽ വീണ്ടും നിയമന വിവാദം. പാർട്ടി സഹയാത്രികയായ സംഗീത തിരുവളിന് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സി പി എം പറവൂർ ഏരിയ കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിയ്‌ക്ക് നൽകിയ കത്താണ് പുറത്തായത്. കത്തിൽ പേരുളള സംഗീതയ്‌ക്ക് വാഴ്സിറ്റിയിൽ ജോലി ലഭിച്ചിരുന്നു. 2019 സെപ്‌തംബറിൽ എഴുതിയിരിക്കുന്ന കത്താണിത്. സംഗീതയ്ക്ക് കഴിയുന്ന സഹായം ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. കാലടി സർവകലാശാലയിൽ മുൻ എം പി എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം വിവാദമായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കത്ത് വിവാദം.

2019 സെപ്‌തംബർ 22ന് പറവൂർ ഏരിയാ സെക്രട്ടറി ടി ആർ ബോസാണ് സി പി എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. സി പി എം പറവൂർ ഏരിയ കമ്മിറ്റിയുടെ സീൽ പതിപ്പിച്ച ലെറ്റർ പാഡിലാണ് ശുപാർശ കത്ത്. 'കാലടി സംസ്‌കൃത സർവകലാശാലയിലെ മലയാളം അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികയിൽ ധീവര കമ്മ്യൂണിറ്റി റിസർവേഷനിൽ ഡോ സംഗീത തിരുവളിനെ ഇന്റർവ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്‌ത് കൊടുക്കണം' ഇങ്ങനെയാണ് കത്തിലെ ഉളളടക്കം.

കത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്നും യോ​ഗ്യതയുളളത് കൊണ്ടാണ് സം​ഗീതയ്‌ക്ക് ജോലി ലഭിച്ചതെന്നും കാലടി സർവകലാശാല മലയാളം വിഭാഗം മേധാവി ലിസി മാത്യു പ്രതികരിച്ചു. ഇതിൽ അസ്വാഭാവികത ഒന്നുമില്ല. അപേക്ഷിച്ച അഞ്ച് പേരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് സം​ഗീത ജോലിക്ക് യോ​ഗ്യത നേടിയതെന്നും ലിസി മാത്യു പ്രതികരിച്ചു.