
കൃത്യവും ആസൂത്രിതവുമായ ഗൂഢനീക്കങ്ങളിലൂടെ പ്രതിപക്ഷ പാർട്ടികൾ പ്രകടമാക്കുന്ന മോദി വിരുദ്ധതയെന്നത് കേവലം വ്യക്തികേന്ദ്രീകൃതമല്ലെന്നും രാജ്യവിരുദ്ധതയിലൂന്നിയുള്ള പ്രചാരണമാണെന്നും പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഹിന്ദുസംസ്ക്കാരത്തിനും വിശ്വാസത്തിനും പോറലേൽപ്പിച്ചാണ് കമ്യൂണിസം കേരളത്തിൽ വേരോടിയതും അധികാരത്തിലേറിയതും. അന്ന് ഹിന്ദു അസംഘടിതവും സ്വത്വബോധം മറന്ന ആൾക്കൂട്ടവുമായിരുന്നെങ്കിൽ, ആർ.എസ്.എസിന്റെയും പരിവാർ പ്രസ്ഥാനങ്ങളുടേയും പ്രവർത്തനത്തിലൂടെ ഇതിനാകെ മാറ്റംവന്നു എന്നത് കമ്യൂണിസ്റ്റ് ത്വാത്വികാചാര്യൻമാർ തിരിച്ചറിഞ്ഞുതുടങ്ങി. ഹിന്ദു പഴയ ഹിന്ദുതന്നെയാണെന്ന മിഥ്യാധാരണയിലാണ് ശബരിമലയിലെ വിശ്വാസ പ്രമാണങ്ങളെ, ആചാര വിശുദ്ധിയെ പുറംകാൽകൊണ്ട് തൊഴിച്ച് യുവതീപ്രവേശനത്തിനായി കമ്യൂണിസ്റ്റ് സർക്കാർ നീതിന്യായ മേഖലയിലും സാമൂഹ്യ മേഖലയിലും പ്രതിലോമപരമായ ഇടപെടൽ നടത്തിയതെങ്കിൽ, ഹിന്ദു ഏറെ മാറിയെന്ന തിരിച്ചറിവിൽ പിന്നീട് പിന്തിരിയേണ്ടിവന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈന്ദവ ഇടപെടലിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും ദേശവിരുദ്ധ ശക്തികളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കാനോ അവർക്ക് മുന്നിൽ അടിയറവച്ച കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ വീണ്ടെടുക്കാനോ ഇനിയും തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, മുസ്ലിം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ആവർത്തിച്ച് കൈകൊള്ളുന്നതും.
സംഘപരിവാർ സംഘടനകളുടെ സ്വാധീനത്തിൽ, രാഷ്ട്രീയരംഗത്ത് ബി.ജെ.പി.യുടെ പടയോട്ടത്തിൽ അന്തിച്ചുനിൽപ്പായ കമ്യൂണിസ്റ്റുകളും കോൺഗ്രസുകാരും ദേശവിരുദ്ധ ശക്തികളെ കൂട്ടുപിടിച്ചു നടത്തുന്ന പ്രതിരോധം ജനം പുച്ഛിച്ചു തള്ളും.
മുസ്ലിംലീഗിന്റെ നിർദേശ ഉപദേശങ്ങൾ ഏറ്റുവാങ്ങി പ്രവർത്തിക്കുന്ന പാർട്ടിയെന്ന നിലയിലേക്ക് കോൺഗ്രസ് കീഴടങ്ങികഴിഞ്ഞു. മറ്റെല്ലാ സംസ്ഥാനങ്ങളും തിരസ്ക്കരിച്ചു കഴിഞ്ഞെങ്കിലും ദേശീയപാർട്ടിയെന്ന വിശേഷണം ഉപേക്ഷിച്ചിട്ടില്ലാത്ത കോൺഗ്രസിനെ സംസ്ഥാനത്ത് ആര് നയിക്കണമെന്ന് തീരുമാനിക്കുന്നതുപോലും മുസ്ലിം ലീഗാണെന്നത്, കോൺഗ്രസും അതിന്റെ മുൻകാല നേതാക്കളും മുന്നോട്ടുവച്ച നാടിന്റെ ഉള്ളറിഞ്ഞ സംസ്കൃതിയെ നിരാകരിക്കുന്നതിന് തുല്യമാണ്. മുസ്ലിം മതാധിഷ്ഠിത രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന, ഇന്ത്യയുടെ അഖണ്ഡതയിലും പരമാധികാരത്തിലും ഇനിയും വിശ്വാസമുറപ്പിച്ചിട്ടില്ലാത്ത ജമാ അത്തെ ഇസ്ലാമിയും അവരുടെ രാഷ്ട്രീയ സംഘടനയായ വെൽഫയർ പാർട്ടിയുമായും കോൺഗ്രസ് കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കിയത് മുസ്ലിം ലീഗ് ഒരുക്കിനൽകിയ പാലം വഴിയാണ്.
മറുപക്ഷത്താണെങ്കിൽ അതിതീവ്ര മുസ്ലിം മതമൗലികവാദത്തിന്റെ പ്രായോജകരും ഗുണഭോക്താക്കളുമായ എസ്.ഡി.പി.ഐയുമായാണ് കമ്യൂണിസ്റ്റുകളുടെ നീക്കുപോക്കും ബാന്ധവവും. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും ഈ നീക്കുപോക്ക് വളരെ വ്യക്തമായി പ്രകടമായതുമാണ്. കോൺഗ്രസ് മുസ്ലിം ലീഗുമായി നടത്തുന്ന ചർച്ചകളിലും കൂടികാഴ്ചകളിലും പോലും രാഷ്ട്രീയ ലക്ഷ്യത്തിനായി വർഗീയ വിവരണം ചാർത്തി ഹിന്ദുവോട്ടുകൾ സ്വന്തമാക്കാമെന്ന് വ്യാമോഹിക്കുന്ന കമ്യൂണിസ്റ്റുകൾ ഹിന്ദു പഴയ ഹിന്ദുവല്ലെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് വേണം കരുതാൻ. ആടിനെയും ആട്ടിൻതോലിട്ട ചെന്നായയെയും തിരിച്ചറിയാനും ആട്ടിയകറ്റേണ്ടതിനെ ആട്ടിയകറ്റാനും ചേർത്ത് നിറുത്തേണ്ടതിനെ ചേർത്ത് നിർത്താനും പാകപ്പെട്ട ജനവിഭാഗമായി ഹൈന്ദവർ മാറിയെന്നതിന് ശബരിമല വിഷയത്തിന് ശേഷമുള്ള കേരളീയ സാമൂഹ്യ രാഷ്ട്രീയ ഘടനതന്നെ ഉദാഹരണം.
മുസ്ലിംലീഗുമായുള്ള സഖ്യത്തിന്റെ/ചർച്ചയുടെ പേരിൽ ഇന്ന് കോൺഗ്രസിനെ പ്രതികൂട്ടിലാക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയാണ് കോൺഗ്രസിനെ അധികാരത്തിന് പുറത്തു നിറുത്താൻ 1967 ൽ മുസ്ലിംലീഗുമായി കൂട്ടുചേർന്നതെന്ന യാഥാർത്ഥ്യം കേരളജനത മറന്നിട്ടില്ല. മുസ്ലീംലീഗായാലും എസ്.ഡി.പി.ഐയായാലും വെൽഫയർ പാർട്ടിയായാലും മുസ്ലീംമതാധിഷ്ഠിത രാഷ്ട്രവാദമുയർത്തി, അതിതീവ്ര മതനിലപാട് സ്വീകരിക്കുന്ന പാർട്ടികളുമായി രഹസ്യമായും പരസ്യമായും കൂട്ടുചേർന്ന് അധികാരത്തിന്റെ കുറുക്കുവഴികളിൽ ആധിപത്യം പുലർത്താനുള്ള നീക്കങ്ങളാണ് ഇത്രയും കാലം ഇരുമുന്നണികളും നടത്തിപ്പോന്നത്. ഇതെല്ലാം കണ്ടുംകേട്ടും ഒന്നുമറിയാത്ത പോലെ ഇരുമുന്നണികളിലും അഭയം പ്രാപിച്ച്, മഹത്തായ സാംസ്കാരികധാരയുടെ നിരാകരണത്തിന് സ്വയം കാരണമായി മാറിയ ഹൈന്ദവസമൂഹം, ഉയിർത്തെഴുന്നേറ്റതോടെയാണ് പരസ്യമായ വിഴുപ്പലക്കലിലേക്ക് ഇരുമുന്നണികളുമെത്തിയത്.
മുന്നണി ഏതായാലും ശരി പ്രതിനിധാനം ചെയ്യുന്നത് /ഇറുകെ പുണരുന്നത് മുസ്ലിം വർഗീയതയെയാണെന്ന് കേരളീയ ജനതയ്ക്ക് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. മുസ്ലിം വർഗീയതയുമായുള്ള ചങ്ങാത്തത്തിന്റെ പേരിൽ പരസ്രം വിരൽചൂണ്ടുമ്പോഴും ചൂണ്ടുവിരലൊഴികെ മറ്റെല്ലാ വിരലുകളും തങ്ങൾക്ക് തന്നെ നേരെയാണ് ചൂണ്ടപ്പെടുന്നതെന്ന് മുന്നണികൾ അറിയുന്നില്ലെങ്കിലും ജനതയ്ക്ക് വ്യക്തമായി കഴിഞ്ഞു. പുകൾപ്പെറ്റ സാംസ്കാരിക ധാരയുടെ കണ്ണിചേർന്ന്, കരുത്തുറ്റ ചരിത്രപഥങ്ങളുടെ വീണ്ടെടുക്കലിലൂടെ സ്വയം തിരിച്ചറിഞ്ഞ്, രാജ്യതാത്പര്യത്തിന്റെ സംരക്ഷകരായി ദേശസ്നേഹികളുടെ കൂട്ടം ആർത്തിരമ്പുമ്പോൾ ആ തിരകളിൽപ്പെട്ട്, ചുഴികളിൽപ്പെട്ട്, ആടിയുലയുന്ന ഇരുമുന്നണികളിൽ നിന്നുമുയരുന്ന കൂട്ടനിലവിളി മാത്രമാണ് ഈ വേവലാതിയും ആരോപണ പ്രത്യാരോപണങ്ങളും. മോദിയെ എതിർക്കുക വഴി രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും രാജ്യതാത്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന പ്രതിപക്ഷ കൂട്ടായ്മകളും ദേശവിരുദ്ധ ഇടപെടലുകളും എങ്ങിനെ നിലംപരിശായാേ അതേപോലെ തന്നെ മുസ്ലിംതീവ്ര പ്രസ്ഥാനങ്ങളുമായി കൂട്ടുചേരുന്ന ഇരുമുന്നണികളും തകർന്നടിയും.
(ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ)