pm-modi

ന്യൂഡൽഹി: വെല്ലുവിളികൾ നേരിടാൻ പ്രതീക്ഷ നൽകുന്നതാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്നും, പ്രതിപക്ഷം പ്രസംഗം ബഹിഷ്‌കരിച്ചത് ജനാധിപത്യത്തിന് ഉചിതമല്ലാത്ത നടപടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകവേയായിരുന്നു മോദിയുടെ വിമർശനം,


കൊവിഡ് പ്രതിസന്ധിയിൽ രാജ്യം മികച്ച നിലയിൽ പോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇത് വ്യക്തിയുടെ വിജയമല്ല. രാജ്യത്തിന്റെ വിജയമാണ്. മാനവരാശിയെ രക്ഷിക്കാനുള്ള വാക്സിൻ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിച്ചു. ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കർഷക സമരത്തെയും പ്രധാനമന്ത്രി വിമർശിച്ചു. കർഷക സമരം എന്തിനു വേണ്ടിയാണെന്ന് വിശദീകരിക്കാൻ ആർക്കും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കർഷകരെ വിശ്വാസത്തിലെടുത്താണ് നിയമം പാസാക്കിയത്.നിയമത്തിലെ പ്രശ്നം എന്താണെന്ന് പ്രതിപക്ഷം പറയുന്നില്ല. 12 കോടിയോളം കർഷകർക്ക് വളരെ കുറച്ച് ഭൂമി മാത്രമേയുള്ളൂ. ചെറുകിട കർഷകർ വഞ്ചിക്കപ്പെടുന്നു. ബാങ്ക് വായ്പയും മറ്റ് ആനുകൂല്യങ്ങളും ചെറുകിട കർഷകന് ലഭിക്കുന്നില്ല. ഫസൽ ബീമ യോജനയുടെ ഗുണം ചെറുകിട കർഷകർക്ക് കിട്ടി. വിള ഇൻഷുറൻസ് ആനുകൂല്യം ചെറുകിട കർഷകർക്ക് കിട്ടി. തിരഞ്ഞെടുപ്പിന് മുമ്പ് കടം എഴുതിത്തള്ളി.

ആറായിരം രൂപ വീതം നൽകുന്ന പദ്ധതി 10 കോടി കർഷകർക്ക് ഗുണമായി. കാർഷിക നിയമത്തിൽ പ്രതിപക്ഷത്തിന്റേത് യൂ ടേൺ നടപടിയാണെന്നും മോദി കുറ്റപ്പെടുത്തി. മൻമോഹൻ സിംഗ് ഒറ്റ കാർഷിക വിപണിക്കായി വാദിച്ചിരുന്നു. യുപിഎ നടപടികൊണ്ട് കർഷകർക്ക് ഗുണമുണ്ടായില്ല.രാജ്യത്തെ ദുർബലമാക്കുന്ന നടപടികളിൽ ഏർപ്പെടരുതെന്നും മോദി കൂട്ടിച്ചേർത്തു.

മാറ്റം അനിവാര്യമായിരുന്നെന്നും, കുറവുകൾ പരിഹരിക്കുമെന്നും മോദി പറഞ്ഞു. അതോടൊപ്പം താങ്ങുവില തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, കർഷകരെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു.

'അവസരങ്ങളുടെ ഭൂമിയാണ് ഇന്ത്യ.സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം എല്ലാവർക്കും ആവേശഭരിതമാണ്. സ്വയം പര്യാപ്തതയുടെ പാതയിലാണ് നമ്മൾ'- മോദി പറഞ്ഞു.അതേസമയം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ബഹിഷ്‌കരിച്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ ഇറങ്ങിപ്പോയി.