
കഴിഞ്ഞ ഒരു വർഷക്കാലം കൊവിഡ് ഭീതിയിൽ കഴിച്ചു കൂട്ടിയ ലോകത്തിന് ലഭിച്ച ആശ്വാസമായിരുന്നു ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചെന്ന റിപ്പോർട്ടുകൾ. വാക്സിൻ വികസിപ്പിച്ചതോടെ ആളുകൾക്ക് കൊവിഡിന് മേലുള്ള ഭയവും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. സാമൂഹിക അകലവും, മാസ്‌ക് വയ്ക്കലും, സാനിറ്റൈസർ ഉപയോഗവുമെല്ലാം കുറയുകയാണ്. ഇതിനൊപ്പം വാക്സിൻ എടുത്താൽ പിന്നീട് കൊവിഡ് വരില്ലേ എന്ന സംശയവും സമൂഹത്തിൽ ഉയരുന്നുണ്ട്. ഇതിനെല്ലാം സ്വന്തം അനുഭവത്തിലൂടെ ഉത്തരം പറയുകയാണ് ഡോക്ടർ മനോജ് വെള്ളനാട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
വാക്സിനെടുത്താലും കോവിഡ് വരാമോ?
വരാം.. വന്നു.. ഇന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അൽപ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ മുൻകരുതലുകളും തുടർന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും +ve ആണെന്നറിയാത്ത ഒരു രോഗിയുമായുളള നിരന്തരസമ്പർക്കമാകാം (High risk) രോഗപ്പകർച്ചക്ക് കാരണമെന്ന് കരുതുന്നു.
 വാക്സിനെടുത്താലും പിന്നെങ്ങനെ...?! എന്ന സംശയം പലർക്കും തോന്നാം.
 വാക്സിനെടുത്താലും പിന്നെങ്ങനെ...?! എന്ന സംശയം പലർക്കും തോന്നാം.
ഞാൻ വാക്സിൻ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിൻ്റെ ഗുണഫലം പൂർണമായും കിട്ടൂ.. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതിൽ വാക്സിൻ്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമേയില്ല.
 ഇനിയാ വാക്സിൻ കാരണമാണോ രോഗം വന്നത്..?! എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചരണങ്ങൾ നേരത്തേ മുതൽ ഉണ്ടല്ലോ.
 ഇനിയാ വാക്സിൻ കാരണമാണോ രോഗം വന്നത്..?! എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചരണങ്ങൾ നേരത്തേ മുതൽ ഉണ്ടല്ലോ.
ഒരിക്കലുമല്ല. കാരണം ഈ വാക്സിനിൽ കൊവിഡ് വൈറസേയില്ല. അതിൻ്റെയൊരു ജനിതകപദാർത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്സിനിലൂടെ രോഗം പകരില്ല. അതൊരിക്കലും നമ്മളിപ്പോ ചെയ്തു പോരുന്ന രോഗനിർണയ പരിശോധനകളൊന്നും പോസിറ്റീവ് ആക്കുകയുമില്ല. എന്നുവച്ചാൽ, വാക്സിനേഷനു ശേഷം ഒരാൾക്ക് രോഗം വന്നെങ്കിൽ, രോഗാണു പുതുതായി ശരീരത്തിൽ കയറിയതാണെന്നാണ് അതിനർത്ഥം..
ഒരു വർഷം അവന് പിടികൊടുക്കാതെ നടന്നു. അതിനിടയിൽ 15 തവണ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവിൽ 16-ആമത്തെ ടെസ്റ്റ് +ve ആയി. നിലവിൽ, ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ പതിയെ മാറി വരുന്നുണ്ട്. ഈ ഒറ്റമുറിക്കകത്തെ ഏകാന്തവാസം അത്ര പരിചയമില്ലാത്തതിൻ്റെ പ്രശ്നങ്ങൾ മാത്രമേ ഇപ്പൊ കാര്യമായുള്ളൂ. എന്തായാലും അടുത്തയാഴ്ച കൂടുതൽ ആരോഗ്യവാനായി, കുട്ടപ്പനായി, പുറത്തുചാടാമെന്ന പ്രതീക്ഷയിൽ… 
മനോജ് വെള്ളനാട്
( 2nd dose വാക്സിൻ 2-3 മാസങ്ങൾ കഴിഞ്ഞേ എടുക്കാൻ പറ്റൂ..)