
കാൺപൂർ: ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ ഷാൾ ഉപയോഗിച്ച് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കാൺപൂരിലെ ഹാമിർപൂർ ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഞായറാഴ്ച പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്.
കാഞ്ചൻ എന്ന യുവതിയാണ് മരിച്ചത്. ഹാമിർപൂരിലെ പാരി ഓജ സ്വദേശിനിയായ കാഞ്ചൻ മൂന്ന് വർഷം മുമ്പായിരുന്നു കാൺപൂർ ദേഹത്തിലെ നാസിർപൂർ ഗ്രാമത്തിൽ നിന്നുള്ള അമിത് ലാലിനെ വിവാഹം കഴിച്ചത്. ഭർത്താവും, ഭർതൃമാതാവും സ്ത്രീധനം ചോദിച്ച് യുവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ജനുവരി നാലിന് ഭർത്താവിനോട് പിണങ്ങി കാഞ്ചൻ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ കാണാതായത്. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു. മരുമകനാണ് തിരോധാനത്തിന് പിന്നിലെന്ന സംശയവും ഇവർ എസ് പി ഹാമിർപൂർ നരേന്ദ്ര കുമാർ സിംഗിനോട് പറഞ്ഞിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൊല നടത്തിയത് ഇയാളാണെന്ന് പൊലീസിന് മനസിലായത്. പ്രതി തന്ത്രപൂർവം യുവതിയെ ടൗണിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഒരു വയലിലേക്ക് കൊണ്ടുപോയി ലൈംഗികബന്ധത്തിലേർപ്പെടുകയും, തുടർന്ന് ഷാളുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വയലിൽ കുഴിച്ചുമൂടി. യുവതിയുടെ ഫോൺ നദിയിൽ വലിച്ചെറിഞ്ഞു. പൊലീസ് മൃതദേഹം കണ്ടെടുത്ത്, പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.