
ഹിന്ദുമതത്തിന്റെ ജീവനും ആത്മാവുമാണ് ക്ഷേത്രങ്ങളും മഠങ്ങളും. ഇസ്ളാം, ക്രിസ്ത്യൻ മതങ്ങൾക്ക് പള്ളികൾ എങ്ങനെയാണോ അതുപോലെ. ക്ഷേത്രങ്ങളിലും മഠങ്ങളിൽനിന്നും അനവരതം ലഭിച്ചുകൊണ്ടിരുന്ന ധനസഹായമാണ് ഹിന്ദുമതത്തിന്റെ പ്രസ്ഥാനശക്തി ഉൗട്ടിയുറപ്പിച്ചിരുന്നത്. വ്യക്തികളുടെ സ്വയം നവീകരണത്തിനും പ്രതിരോധത്തിനും പാരമ്പര്യ കലാരൂപങ്ങളുടെയും കരകൗശല വിദ്യകളുടെയും മറ്റും വളർച്ചയ്ക്കും അതായിരുന്നു വെള്ളവും വളവുമായിരുന്നത്. മതനേതൃത്വത്തിന്റെ ജൈവപരിണാമത്തിന് അതായിരുന്നു സഹായിക്കുന്നത്. ഒപ്പം സമൂഹത്തിലെ പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം പ്രദാനം ചെയ്യാനും ആതുരസേവനങ്ങൾ നൽകാനും അതിടയാക്കി. അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ഇതിന്റെ ഭാഗമായി പരിപാലിക്കപ്പെട്ടു.
മതേതര രാജ്യമാണ് നമ്മുടേത്. അപ്പോൾ ഒരു മതത്തിന്റെ മാത്രം ആരാധനാലയങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കിയിരിക്കുന്നതിന്റെ യുക്തി എന്താണ്? എല്ലാ മതങ്ങൾക്കും മൗലികാവകാശം ഉറപ്പ് നൽകുന്നതാണ് ഭരണഘടനയുടെ 26-ാം വകുപ്പ്. അതിൽ ഭൂരിപക്ഷ, ന്യൂനപക്ഷ ഭേദമില്ല. മതസ്ഥാപനങ്ങൾ തുടങ്ങാനും പരിപാലിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വന്തം ഉടമസ്ഥതയിൽ സ്ഥാപനങ്ങൾ നടത്താനും ഭരണഘടന എല്ലാ മതങ്ങൾക്കും പൂർണസ്വാതന്ത്ര്യം നൽകുന്നു.
ഏതെങ്കിലും ക്ഷേത്രത്തിന്റെ നടത്തിപ്പിൽ ദുർഭരണം നടക്കുന്നതായി ആരോപണമുണ്ടായാൽ കാര്യങ്ങൾ ശരിയാക്കാൻ വളരെ കുറഞ്ഞ കാലയളവിൽ ഇടപെടാൻ സർക്കാരിനെ ഭരണഘടനയുടെ 31 എ (1) (ബി) വകുപ്പ് അധികാരപ്പെടുത്തിയിട്ടുണ്ട്. ചിദംബരം ക്ഷേത്രം സംബന്ധിച്ച കേസിൽ സുപ്രീംകോടതിയും ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടന ഇങ്ങനെയൊക്കെ അനുശാസിക്കുന്നുണ്ടെങ്കിലും ക്ഷേത്രങ്ങൾ ഇപ്പോഴും സർക്കാർ നിയന്ത്രണത്തിൽ തുടരുന്നു. സംസ്ഥാന സർക്കാരുകൾ കൂടുതൽ ക്ഷേത്രങ്ങൾ ഏറ്റെടുത്തുകൊണ്ടും ഇരിക്കുന്നു. അതേസമയം മുസ്ളിം, ക്രിസ്ത്യൻ പള്ളികളുടെ നടത്തിപ്പ് ബന്ധപ്പെട്ട സമുദായത്തിന്റെ നിയന്ത്രണത്തിൽ തുടരുന്നു. ഭരണഘടനയുടെ 26-ാം വകുപ്പ് എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പു നൽകുമ്പോഴാണ് ഇൗ വിവേചനം .
ക്ഷേത്രങ്ങൾ സർക്കാർ നിയന്ത്രണത്തിൽ തുടരുന്നത് ഹിന്ദുക്കൾക്ക് പലരീതിയിലും ദോഷകരമാണ്. ഒന്നാമത് ഹിന്ദുസമൂഹത്തിന് ക്ഷേത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. മറ്റൊന്ന് ക്ഷേത്രം സർക്കാർ നിയന്ത്രണത്തിൽ തുടരുമ്പോൾ ഭരണഘടനയുടെ 12-ാം വകുപ്പ് പ്രകാരം അത് സർക്കാരിന്റെ ഭാഗമാണ്. ഇതുകാരണം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആചാരങ്ങളും സമ്പ്രദായങ്ങളും ഉത്സവങ്ങളും മറ്റും വെല്ലുവിളികൾ നേരിടുന്നു. സർക്കാർ ഇടപെടൽ മൂലം പലതിലും അനുചിതമായ മാറ്റങ്ങൾ വേണ്ടിവരുന്നു.
ശബരിമലയുടെ കാര്യം തന്നെയെടുക്കാം. ക്ഷേത്രം സർക്കാർ നിയന്ത്രണത്തിൽ അല്ലായിരുന്നെങ്കിൽ ഭരണഘടനയുടെ പാർട്ട് -III ക്ഷേത്രത്തിന് ബാധകമാകില്ലായിരുന്നു. അങ്ങനെയെങ്കിൽ ശബരിമലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ ഇടപെടാൻ കോടതിക്ക് കഴിയുമായിരുന്നില്ല. ക്ഷേത്രങ്ങൾ പരിപാലിക്കാനുള്ള അവകാശം ഹിന്ദുക്കൾക്ക് നിഷേധിച്ചതിലൂടെ മതഭരണമുള്ള ചില രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയാണ് ഹിന്ദുക്കൾക്ക്.
വിഭവസ്രോതസും സ്ഥാപനങ്ങളും നഷ്ടപ്പെട്ട ഹിന്ദുമതം നശിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തമായി പറഞ്ഞാൽ ഹിന്ദുക്കൾക്ക് മതപരമായ യാതൊരു അവകാശങ്ങളുമില്ല. സർക്കാരിന് ഹിന്ദുസമൂഹത്തെ തന്നിഷ്ടംപോലെ തട്ടിക്കളിക്കാം. ഭൂരിപക്ഷം ഹിന്ദുക്കൾ ജീവിക്കുന്ന രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥയാണിത്.
കേരളത്തിലെ ക്ഷേത്രങ്ങളുടെ സർക്കാർ ഏറ്റെടുക്കൽ
അഞ്ച് ദേവസ്വം ബോർഡുകളാണ് കേരള സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ട്രാവൻകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ ദേവസ്വം ബോർഡ്, കൂടൽമാണിക്യം ദേവസ്വം ബോർഡ് എന്നിവ. ഇതിൽ 1950 ലെ ട്രാവൻകൂർ -കൊച്ചിൻ റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമ പ്രകാരമാണ് ട്രാവൻകൂർ, കൊച്ചിൻ ബോർഡുകൾ രൂപീകരിച്ചത്.
1951 ലെ മദ്രാസ് റിലിജിയൻസ് നിയമവും ചാരിറ്റബിൾ എൻഡോവ്മെന്റ് ആക്ടും പ്രകാരം മലബാർ ദേവസ്വം ബോർഡും 1978 ലെ ഗുരുവായൂർ ദേവസ്വം ബോർഡ് ആക്ട് പ്രകാരം ഗുരുവായൂർ ക്ഷേത്രവും 2005 ലെ കൂടൽമാണിക്യം ദേവസ്വം ആക്ട് പ്രകാരം കൂടൽ മാണിക്യം ക്ഷേത്രവും ഏറ്റെടുക്കുകയാണുണ്ടായത്. എല്ലാ ദേവസ്വം ബോർഡുകളിലും സ്ഥാപനങ്ങളിലും ഒഴിവുവരുന്ന തസ്തികകളിലേക്ക് നിയമനം നടത്താൻ 2015 ൽ ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ആക്ടും പാസാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിൽ 1248 ഹിന്ദുക്ഷേത്രങ്ങൾ ഉൾപ്പെടുന്നു. കൊച്ചിൻ ദേവസ്വം ബോർഡ് (403) മലബാർ ദേവസ്വം ബോർഡ് (1337), ഗുരുവായൂർ ദേവസ്വം ബോർഡ് (12), കൂടൽമാണിക്യം ദേവസ്വം ബോർഡ് (1) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ആയിരക്കണക്കിന് കോടി വിലവരുന്ന വസ്തുവകകൾ ഇൗ ക്ഷേത്രങ്ങൾക്കെല്ലാംകൂടി സ്വന്തമായുണ്ട്. ഇൗ ക്ഷേത്രങ്ങളുടെ മൊത്തം വാർഷിക വരുമാനം ആയിരം കോടി രൂപയിലധികം വരും. നൂറുകണക്കിന് കോടിരൂപയുടെ സ്വത്തുംഅമൂല്യമായ ആഭരണ ശേഖരണവും മികച്ച വാർഷിക വരുമാനവുമുള്ള ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത് തിരുവിതാംകൂർ രാജകുടുംബമാണ്.
ക്ഷേത്രഭരണം സർക്കാർ നിയന്ത്രണത്തിൽ തുടരുന്നത് ഹിന്ദുസമൂഹത്തെ തളർത്താനേ ഇടയാക്കിയിട്ടുള്ളൂ. വിഭവ സമാഹരണത്തിലൂടെ പ്രസ്ഥാനശക്തികൂട്ടാനും സ്വയം പര്യാപ്തത നേടാനും ഒന്നിച്ച് നിൽക്കാനും അകത്തുനിന്നും പുറത്തുനിന്നുമുള്ള മതപരമായ പ്രശ്നങ്ങളെ യഥാവിധി നേരിടാനുമുള്ള അവരുടെ ശക്തി ഇല്ലാതാക്കുന്നതാണിത്.
എല്ലാ ഭരണകക്ഷികളും ക്ഷേത്ര ബോർഡുകളിൽ അവരുടെ പ്രതിനിധികളെ നിയമിച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്നതാണ് തുടർന്ന് വരുന്ന പ്രവൃത്തി.ഇതിലൂടെ അവരുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനപ്പുറം യാതൊരു പ്രയോജനവും ഹിന്ദു സമൂഹത്തിനോ ധർമ്മത്തിനോ ലഭിക്കുന്നില്ല.
മാത്രമല്ല സർക്കാർ നിയന്ത്രണത്തിൽ ക്ഷേത്രങ്ങൾ വാണിജ്യ കേന്ദ്രങ്ങളായി പരിണമിക്കുന്നു. ഭക്തർക്ക് ഭഗവാനെ ദർശിക്കാൻ പണമടയ്ക്കേണ്ടിവരുന്നു. അവിടെ തുടരുന്ന എല്ലാ പ്രവൃത്തികൾക്കും പണം നൽകേണ്ടി വരുന്നു. ഇത് അംഗീകരിക്കാനാവില്ല. ഹിന്ദു സമൂഹത്തിന് മേൽ ചുമത്തിയിരിക്കുന്ന മതപരമായ നികുതിയായേ ഇതിനെ കാണാൻ കഴിയൂ.
ക്ഷേത്ര ദർശനത്തിന് ഹിന്ദുക്കൾ പണം നൽകണമെന്ന രീതി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത് തന്നെ മതപരിവർത്തനത്തിന് അവരെ പ്രേരിപ്പിക്കാൻ ഉതകുന്നതായി പോലും ചിലർ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ നിയന്ത്രണം അത്യന്ത്യം വികലമായ പല കാര്യങ്ങളും നടക്കാൻ ഇടയാക്കിയിട്ടുണ്ട്. അഹിന്ദുക്കളെയും അവിശ്വാസികളെയും ഭരണസമിതിയിൽ നിയമിക്കുക, ക്ഷേത്രത്തിന്റെ വസ്തുവകകൾ അന്യാധീനപ്പെടുത്തുക, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരങ്ങൾ ലംഘിക്കുക എന്നിവ അവയിൽ ചിലതുമാത്രം.
ഭരിക്കേണ്ടത് ഹിന്ദുക്കൾ
ഹിന്ദുക്ഷേത്രങ്ങളും വസ്തുവകകളും ഏറ്റെടുക്കേണ്ട കാര്യം ഒരു മതേതര സർക്കാരിനില്ല. ക്രിസ്ത്യാനികളും മുസ്ളിങ്ങളും സിക്കുകാരും അവരവരുടെ ആരാധനാലയങ്ങൾ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുപോലെ ഹിന്ദുക്കൾക്കും അവകാശമുണ്ട്. സർക്കാർ ഹിന്ദുസമൂഹത്തിന് നിയന്ത്രണം കൈമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചില മാറ്റങ്ങളോടുകൂടി സിഖ് ഗുരുദ്വാര മാനേജ്മെന്റ് മാതൃക ഇതിനായി സ്വീകരിച്ചാൽ ഉചിതമായിരിക്കും.
റിട്ടയേഡ് ഐ.പി.എസ് ഒാഫീസറായ എം. നാഗേശ്വരറാവു തയ്യാറാക്കിയ ടെമ്പിൾ മാനേജ്മെന്റ് ബില്ലിന്റെ മാതൃകയാണ് ചുവടെ:
1. എല്ലാ ഹിന്ദു റിലിജിയസ് സ്ഥാപനങ്ങളിലും ഹിന്ദുവിഭാഗങ്ങളിലെ എല്ലാവർക്കും പ്രവേശനം സാദ്ധ്യമാവുക.
ഒാരോ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന മതപരമായ ആചാരങ്ങൾ പാലിച്ചുകൊണ്ടാവണമിത്.
2. ഹിന്ദുമത സ്ഥാപനങ്ങളുടെ നടത്തിപ്പും വസ്തുവകകളുടെ ഭരണചുമതലയും ഹിന്ദുക്കളായ വ്യക്തികൾ മാത്രം ഉൾക്കൊള്ളുന്ന സമിതിക്കായിരിക്കണം . ഒാരോ സ്ഥാപനത്തിനും അല്ലെങ്കിൽ ഒരുകൂട്ടം സ്ഥാപനങ്ങൾക്കായി ഹിന്ദു ഇലക്ട്രൽ കോളേജിന്റെ പ്രതിനിധികൾ അടങ്ങുന്നതായിരിക്കണം ഭരണസമിതി. അവരുടെ ഭരണനടത്തിപ്പിൽ സർക്കാരിന്റെ യാതൊരു നിയന്ത്രണങ്ങളും പാടില്ല. വസ്തുവകകളുടെ ഭരണച്ചുമതലയിലും ഇടപെടരുത്.
3. ഹിന്ദു മതസ്ഥാപനങ്ങളുടെയും വസ്തുവകകളിലും മറ്റും സ്വരൂപിക്കുന്ന ഫണ്ട് ഹിന്ദുമത സ്ഥാപനങ്ങളുടെ വികസനത്തിനും നിർമ്മാണത്തിനും നടത്തിപ്പിനും ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനും സംരക്ഷണത്തിനും ഉന്നമനത്തിനും പ്രചാരണത്തിനും മാത്രം വിനിയോഗിക്കുക.
4. ഹിന്ദു മതസ്ഥാപനങ്ങളുടെ ഭരണം, നടത്തിപ്പ്, ചുമതല എന്നിവയിൽ അഹിന്ദുക്കളെ നിരോധിക്കുക.
5. ഹിന്ദു മത സ്ഥാപനങ്ങളുടെ വസ്തുക്കൾ അന്യാധീനപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതിനും തടയാൻ സർക്കാർ സംരക്ഷണം നൽകുക.
6. സംസ്ഥാന, ജില്ലാ പ്രാദേശിക ഹിന്ദുധർമ്മസഭകൾ രൂപീകരിക്കുക. ഹിന്ദുമതത്തിന്റെ മാർഗദർശനം, സംരക്ഷണം, ക്ഷേമം, പ്രചാരണം എന്നിവയ്ക്കായി മതത്തിന്റെയും മതസ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളും ഉൾപ്പെടുന്നതായിരിക്കണം ധർമ്മസഭകൾ.
സദ്ഗുരു ജഗ്ഗി വാസുദേവ് അടുത്തിടെ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'സർക്കാരിന് വിമാന കമ്പനികൾ, വിമാനത്താവളങ്ങൾ, വ്യവസായം, ഖനനം, വ്യാപാരം തുടങ്ങിയവ നടത്താൻ കഴിയില്ലെന്ന് തെളിയിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പിന്നെ വിശുദ്ധമായ ക്ഷേത്രങ്ങൾ പരിപാലിക്കാൻ അവർക്കെങ്ങനെ കഴിയും. അതിന് എന്ത് യോഗ്യതയാണ് അവർക്കുള്ളത്."
അതിനാൽ എല്ലാ ക്ഷേത്രങ്ങളെയും ഹിന്ദുമത സ്ഥാപനങ്ങളെയും സർക്കാർ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കാൻ ഒരു നിയമം നിർമ്മിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനോടും അദ്ദേഹത്തിന്റെ സർക്കാരിനോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ജനാധിപത്യപരമായ ഭരണ നടത്തിപ്പിന് ,സർക്കാർ ഇടപെടലില്ലാതെ,ഹിന്ദു സമൂഹത്തെ ഏൽപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണമാണ് ആവശ്യം. അതിനായി സർക്കാരിന് വേണ്ട പിന്തുണയും സഹകരണവും നൽകാൻ സസന്തോഷം ഞങ്ങൾ തയാറാണ്.
(എം. നാഗേശ്വര റാവു (റിട്ട. ഐപിഎസ്), പികെഡി നമ്പ്യാർ)