electric-vehicles-

തിരുവനന്തപുരം : പെട്രോൾ ഡീസൽ വില റോക്കറ്റ് വേഗത്തിൽ മുകളിലോട്ട് ഉയരവേ, വരും കാലം ഇലക്ട്രിക് വാഹനങ്ങളുടേതാണെന്ന് സംശയമില്ല. അതിനാൽ തന്നെ വൈദ്യുതി വാഹന വിപ്ലവത്തിന് കളമൊരുക്കാൻ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമാണ്. കേരളത്തിൽ കെ എസ് ഇ ബിയാണ് ആദ്യം ചാർജിംഗ് സ്‌റ്റേഷനുകൾ ആരംഭിച്ചത്. നിലവിൽ സംസ്ഥാനത്താകെ ഏഴ് ചാർജിംഗ് സ്‌റ്റേഷനുകളാണ് കെ എസ് ഇ ബി ആരംഭിച്ചിട്ടുള്ളത്. ഇനി അമ്പത്തിയാറ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുവാനും കെ എസ് ഇ ബി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വരും നാളുകളിൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ ആവശ്യമായി വരും അതിനാൽ തന്നെ സ്വകാര്യ മേഖലയിൽ ഇ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനായി സർക്കാർ സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ 25 കിലോമീറ്ററിലും ഒരു ചാർജിംഗ് സ്റ്റേഷൻ എന്നതാണ് ഇക്കാര്യത്തിൽ കേന്ദ്ര നയം.

സ്വകാര്യ ഇചാർജിംഗ് സ്റ്റേഷൻ കേരളത്തിലും

കെ എസ് ഇ ബിയുടെ ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ കേരളത്തിൽ ആദ്യമായി സ്വകാര്യ ഇചാർജിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുകയാണ്. തമിഴ്നാട് ആസ്ഥാനമായ 'സിയോൺ ചാർജിംഗ്' ആണ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചിയിലും പാലക്കാട്ടെ വാളയാറിലുമാണ് ഈ സ്റ്റേഷനുകൾ. നിലവിൽ കോയമ്പത്തൂരിലും തിരുപ്പൂരിലും, സേലത്തും ഈ കമ്പനിക്ക് ചാർജിംഗ് സ്റ്റേഷനുകൾ ഉണ്ട്. കൊച്ചി, ചെന്നൈ, ബംഗളൂരു, മൈസൂരു, വാളയാർ, വില്ലുപുരം, കൃഷ്ണഗിരി, വെല്ലൂർ എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുവാനാണ് സിയോൺ ചാർജിംഗ് പദ്ധതിയിടുന്നത്.

ചാർജ് ചെയ്യാൻ വേണ്ടത് 20 മിനിട്ട് , യൂണിറ്റിന് 5 രൂപ

ഇ ചാർജിംഗ് സ്റ്റേഷനുകളിൽ ഒരു കാർ ഫുൾ ചാർജാവാൻ വേണ്ടത് ഇരുപത് മുതൽ നാൽപ്പത് മിനിട്ടോളമാണ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് അഞ്ച് രൂപയാണ് ഇപ്പോൾ കേരളത്തിൽ ഇ ചാർജിംഗിന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ മേഖലയിൽ മത്സരം കടുക്കുന്നതോടെ ഭാവിയിൽ ഈ നിരക്കിൽ കുറവ് വന്നേക്കാം.

ഇ ചാർജിംഗ് സ്റ്റേഷനുകൾ എങ്ങനെ തുടങ്ങാം

ഭാവിയിലെ പെട്രോൾ പമ്പുകളായ ഇ ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിനായി സ്വകാര്യ സംരംഭകർക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ നിലവിൽ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സാധാരണ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന് വൈദ്യുതികണക്ഷൻ എടുക്കുന്നതു പോലെ ഇ ചാർജിംഗ് സ്റ്റേഷനുകൾക്കും കണക്ഷൻ എടുക്കാൻ കഴിയും. കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കണമെങ്കിൽ ട്രാൻസ്‌ഫോർമർ അടക്കം സ്ഥാപിക്കേണ്ടിവരും. ഇലക്ട്രിക് വാഹനങ്ങൾ ദിനം പ്രതി രാജ്യത്ത് കൂടിവരുകയാണ്. ഇപ്പോൾ ഇന്ത്യയിൽ 48,674 വാഹനങ്ങളാണ് വൈദ്യുതി ഉപയോഗിച്ച് ഓടുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 1,025 ഇലക്ട്രിക് വാഹനങ്ങളാണ്.