rafale

ന്യൂഡൽഹി : ഫ്രാൻസിൽ ഇന്ത്യ വാങ്ങുവാൻ ഓർഡർ നൽകിയിട്ടുള്ള റഫാൽ വിമാനങ്ങളെല്ലാം അടുത്ത വർഷം ഏപ്രിൽ മാസത്തോടെ ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് രാജ്യസഭയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഇപ്പോൾ മൂന്ന് പ്രാവശ്യമായി പതിനൊന്ന് വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളത്. 59,000 കോടി രൂപ ചിലവാക്കി 36 റഫാൽ ജെറ്റുകൾ വാങ്ങുവാനുള്ള കരാറാണ് ഫ്രാൻസുമായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്. ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷനാണ് റഫാൽ കോംബാറ്റ് വിമാനം നിർമ്മിക്കുന്നത്.

2020 ജൂലൈ 29 നാണ് ഫ്രാൻസിൽ നിന്നും ആദ്യ ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. മൂന്ന് വിമാനങ്ങൾ വീതം രണ്ട് വട്ടമായിട്ട് പിന്നീട് കൈമാറി.രണ്ടും മൂന്നും ഘട്ടത്തിൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നിർത്താതെ പറന്നാണ് ഇന്ത്യയിലെത്തിയത്. ഇതിൽ മൂന്നാം ഘട്ടത്തിലെത്തിയ വിമാനങ്ങൾക്ക് യു എ ഇയുടെ ആകാശത്തിൽ ഇന്ധനം നിറയ്ക്കുവാനുള്ള ടാങ്കർ വിമാനങ്ങൾ വിട്ടുനൽകിയ ആ രാജ്യത്തിന്റെ നടപടി ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു.
ഫ്രാൻസിലെ ഇസ്‌ട്രെസ് വ്യോമതാവളത്തിൽ നിന്നുമാണ് ഈ വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നത്. എവിടെയും നിർത്താതെ 7000 കിലോമീറ്ററുകൾ പറന്ന് റഫാലുകൾ കരുത്ത് തെളിയിക്കുകയായിരുന്നു.

4.5 ജനറേഷൻ വിമാനമാണ് റാഫേൽ, ഇതിൽ ഏറ്റവും പുതിയ ആയുധങ്ങൾ, മികച്ച സെൻസറുകൾ, അതിനാൽ തന്നെ ഒരു പറക്കലിൽ കുറഞ്ഞത് നാല് ദൗത്യങ്ങളെങ്കിലും നടത്തിയ ശേഷം തിരികെ ലാന്റ് ചെയ്താൽ മതിയാകും. ഓരേ സമയം ചൈനയേയും പാകിസ്ഥാനെയും നേരിടേണ്ട അവസ്ഥ രാജ്യത്തിനുണ്ടായാൽ റഫാലുകളാവും വ്യോമസേനയുടെ കുന്തമുനകളാവുക.