
ചെന്നൈ: എ ഐ എ ഡി എം കെ മുൻ നേതാവും ജയലളിതയുടെ തോഴിയുമായ ശശികലയുടെ സ്വീകരണ റാലിയ്ക്കിടെ കാറുകൾക്ക് തീപിടിച്ചു. കൃഷ്ണഗിരി ടോൾഗേറ്റിന് സമീപമാണ് സംഭവം. റാലിക്കിടെ പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് സൂചന. ആർക്കും പരിക്കില്ല. രണ്ട് കാറുകൾക്കാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികല ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിച്ചത്.
നാല് വർഷത്തിന് ശേഷം തമിഴ്നാട്ടിലെത്തുന്ന ശശികലയ്ക്ക് അതിര്‍ത്തിയായ കൃഷ്ണഗിരിയിലാണ് അണികള്‍ ആദ്യ സ്വീകരണം നല്‍കിയത്. ബംഗളൂരുവിൽ നിന്ന് സ്വന്തം വാഹനത്തിൽ അണ്ണാഡിഎംകെയുടെ കൊടിവച്ചായിരുന്നു ശശികല യാത്ര ആരംഭിച്ചത്. അതിര്‍ത്തിയിലെത്തിയപ്പോൾ പാര്‍ട്ടി പാതകയുള്ള അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്റെ കാറിലേക്ക് മാറിക്കയറി.
അതിര്‍ത്തിയില്‍ ശശികലയുടെ വാഹനവ്യൂഹം തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു. അകമ്പടിയായി അഞ്ചു വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂവെന്ന് പൊലീസ് അറിയിച്ചുവെങ്കിലും, ഇത് ലംഘിച്ച് വാഹനവ്യൂഹം മുന്നോട്ടു പോവുകയാണ്. തമിഴ്നാട്ടിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.