
തിരുവനന്തപുരം: എം വി ഗോവിന്ദന്റെ സൈദ്ധാന്തിക നിലപാട് തളളി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായിട്ടില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അതിന്റെ അർത്ഥം മാർക്‌സിസം അപ്രസക്തമായെന്നാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായി എന്നാണോ ഗോവിന്ദൻ മാഷ് പറഞ്ഞതെന്ന് തനിക്കറിയില്ല. സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ രീതിശാസ്‌ത്രമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. എങ്ങനെ സാമൂഹിക പ്രശ്‌നങ്ങളെ വിലയിരുത്തണമെന്നതിൽ കമ്മ്യൂണിസ്റ്റുകാർ സ്വീകരിക്കുന്ന രീതിയാണത്. രാജ്യത്തിന്റെ സാഹചര്യമനുസരിച്ച് ചെയ്യുന്ന രീതിയല്ലത്. ഭൗതികവാദം എന്നത് വിശ്വസമില്ലായ്‌മയാണ് എന്നുളളതെല്ലാം തെറ്റിദ്ധാരണയാണ്. ചില യാന്ത്രിക ഭൗതികവാദികളാണ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നത്.